ആലപ്പുഴ: കുട്ടനാടൻ ജനതയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാൻ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. 2018 ലെ മഹാപ്രളയത്തിനു ശേഷം കുട്ടനാടിന്‍റെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് കുട്ടനാടൻ ജനതയെ സേവ് കുട്ടനാട് ക്യാമ്പയിന് നിർബന്ധതിരാക്കിയതെന്ന് ജില്ല പ്രസിഡന്‍റ് എം.വി ഗോപകുമാർ ഉന്നയിച്ചു.
ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം കുട്ടനാട്ടിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുള്ള സേവ് കുട്ടനാട് ഫോറത്തെ ആക്ഷേപിച്ച സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് നിലപാട് വ്യക്തമാക്കണമെന്നും എം.വി ഗോപകുമാർ ഉന്നയിച്ചു. തകർച്ച നേരിടുന്ന കുട്ടനാടൻ കാർഷിക മേഖലയെ രക്ഷിക്കുവാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നാം കുട്ടനാട് പാക്കേജിനെ അട്ടിമറിക്കുവാൻ എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചതായും അദ്ദേഹം ആരോപിച്ചു. മങ്കൊമ്പിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്‍റ് ഡി സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ വാസുദേവൻ മുഖ്യപ്രസംഗം നടത്തി.
ALSO READ: പൂര്‍ണ തൃപ്തൻ, ഞങ്ങളെന്നും ഹൈക്കമാൻഡിനോടൊപ്പം: രമേശ് ചെന്നിത്തല