ആലപ്പുഴ: നിർമാണം പൂര്‍ത്തിയാകാറായ ആലപ്പുഴ ബൈപ്പാസില്‍ വിള്ളല്‍ ഉണ്ടെന്ന ആരോപണവുമായി ബിജെപി ജില്ലാ നേതൃത്വം. നിര്‍മാണത്തില്‍ അലംഭാവം കാണിക്കുന്ന കരാറുകാരനെ സംരക്ഷിക്കുന്ന നിലപാട് പൊതുമരാമത്ത് മന്ത്രി അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമൻ ആവശ്യപ്പെട്ടു. വസ്തുതകൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാണ് മന്ത്രി ജി സുധാകരൻ ശ്രമിക്കുന്നത്.
ആലപ്പുഴ ബൈപ്പാസ് നിർമാണം വൈകുന്നത് കേന്ദ്ര സർക്കാർ അവഗണന മൂലമാണെന്ന മന്ത്രിയുടെ കള്ള പ്രചാരണത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ്. ഗർഡർ നിർമാണത്തിൽ അപാകതയുണ്ടെന്ന് വ്യക്തമാക്കിയിട്ടും കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്നത് മന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണ്. വിഷയം റെയിൽവെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് ബിജെപി നേതാവ് പി കെ കൃഷ്ണദാസാണ്. ഇതിന്‍റെ ഭാഗമായാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തങ്ങളുടെ ഇടപെടൽ മൂലമാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന മന്ത്രിയുടെയും എംപിയുടെയും അവകാശ വാദം എട്ടുകാലി മമ്മൂഞ്ഞിന്റെ ശൈലിയാണെന്നും കെ സോമൻ പറഞ്ഞു.