ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈനകരിയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളുടെ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് നടത്തി. പഞ്ചായത്തിലെ 10, 11 വാർഡുകളിലായി 305 താറാവ്, 223 കോഴി, രണ്ട് പേത്ത, 42 കിലോ തീറ്റ എന്നിവയെയാണ് കള്ളിംഗിലൂടെ നശിപ്പിച്ചത്. അഞ്ച് ആർ.ആർ.റ്റികളാണ് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടത്. പി.പി.ഇ. കിറ്റ് ധരിച്ച്, ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം കത്തിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ജനപ്രതിനിധികളും എത്തിയിരുന്നു.
ഒരു ആര്‍.ആര്‍.റ്റി.യില്‍ പത്ത് അംഗങ്ങളാണുള്ളത്. എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.കെ. സന്തോഷ് കുമാര്‍ കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. തുടർ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിലും തുടരും.