ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കി തുടങ്ങി. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അപ്പർ കുട്ടനാടൻ മേഖലകളായ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലാണ് പക്ഷികളെ നശിപ്പിച്ചത്. മൃഗസംരക്ഷണ, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും ഉൾപ്പെട്ട ദ്രുതപ്രതികരണ സംഘമാണ് ഓരോ പ്രദേശത്തും പ്രതിരോധ പ്രവർത്തനമായ കള്ളിംഗിന് നേതൃത്വം നൽകിയത്. സംഘത്തിലെ അംഗങ്ങള്‍ പി.പി.ഇ കിറ്റ് ധരിച്ച് വെറ്റിനറി ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് കത്തിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നത്.
കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ പള്ളിപ്പാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം എ ശോഭ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു. മറ്റ് സ്ഥലങ്ങളിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഒരു ആര്‍ ആര്‍ ടി ടീമില്‍ പത്ത് അംഗങ്ങളാണുള്ളത്. താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍ ആര്‍ ടി സംഘമെത്തി സാനിറ്റൈസേഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി കെ സന്തോഷ് കുമാർ, പൊലീസ്, റവന്യൂ, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരും കള്ളിംഗ് നടപടികൾക്ക് നേതൃത്വം നൽകി. അടുത്ത രണ്ട് ദിവസങ്ങളിലും നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു