ആലപ്പുഴ : ചേർത്തലക്കടുത്ത് കുറുപ്പം കുളങ്ങരയിൽ നൂറ്റിയൻപതോളം വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. കാലങ്ങളായി അടഞ്ഞുകിടക്കുന്ന കയർ ഫാക്ടറിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വവ്വാലുകൾ ചത്തൊടുങ്ങിയത് നിപ്പ ബാധയെന്ന് സംശയത്താൽ ഏറെ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. എന്നാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന ഗോഡൗണിൽ നൂറ് കണക്കിന് വവ്വാലുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഗോഡൗണിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് നൂറ്റിയൻപതോളം വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. ചത്ത വവ്വാലുകളെ സമീപത്ത് തന്നെ മറവ് ചെയ്തു. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ വവ്വാലുകളെ മറവ് ചെയ്തത്. ഏറെ നാളായി തുറന്ന് കിടന്നിരുന്ന ഗോഡൗണിന്റെ വാതിൽ കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ അടഞ്ഞ് പോയിരുന്നു. ഇതിനെത്തുടർന്ന് അകത്ത് കുടുങ്ങിപ്പോയ വവ്വാലുകൾ ശ്വാസം മുട്ടിയാകാം ചത്തതെന്നും പറയപ്പെടുന്നു. പരിശോധന റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.