ആലപ്പുഴ: ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി കൊറോണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആർദ്രം മിഷന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ശാസ്ത്രീയ ശുചിത്വപാലനത്തിൽ പ്രായോഗിക പരിശീലനവും ബോധവത്കരണ ക്ലാസും നടത്തിയത്.
മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പളും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യക്ഷയുമായ ഡോ. സൈറു ഫിലിപ്പ് പരിപാടിക്ക് നേതൃത്വം നൽകി. ശാസ്ത്രീയമായി കൈ കഴുകുന്നതിൽ പ്രായോഗിക പരിശീലനം നൽകിയശേഷം പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ടോയ്‌ലെറ്റ് സോപ്പോ വാഷിങ് സോപ്പോ ഉപയോഗിച്ച് കൈ കഴുകാമെന്നും ടോയ്‌ലെറ്റുൾപ്പെടെ ശുചിയാക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ തയ്യാറാക്കിയ ലായനി ഉപയോഗിക്കണമെന്നും ഡോക്ടർ പറഞ്ഞു. ചുമയ്ക്കുമ്പോൾ നിർബന്ധമായും തൂവാല ഉപയോഗിക്കണമെന്നും ഡോക്ടർ നിർദ്ദേശം നല്‍കി.
ഡോ.കെ. ആർ രാധാകൃഷ്ണൻ, 20 മെഡിക്കൽ, പിജി വിദ്യാർഥികൾ എന്നിവരും പരിപാടിയുടെ സഹായികളായി. ആർഡിഒ എസ്. സന്തോഷ്‌കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി. ജി. അഭിലാഷ്, ഡിടിപിസി സെക്രട്ടറി എം. മാലിൻ എന്നിവർ സന്നിഹിതരായിരുന്നു. ഹൗസ് ബോട്ട്, ഹോം സ്റ്റേ, ടൂർ ഓപ്പറേറ്റേഴ്‌സ്, ഹോട്ടൽ അസോസിയേഷനുകൾ തുടങ്ങിയവർ പങ്കാളികളായ പരിപാടിയിൽ ഇരുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. കൃഷി, കെഎസ്ആർടിസി, ജല ഗതാഗതം, വനം വകുപ്പ് വിഭാഗങ്ങളിൽ നിന്നും ജീവനക്കാർ ക്ലാസിൽ പങ്കാളികളായി.