ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു പ്രതി പിടിയിൽ. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ സിപിഒ വിജീഷ് എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.സജീഷിനെ ആക്രമിച്ച ലിജോയാണ് പിടിയിലായത്. മറ്റൊരു പ്രതി കപിൽ ഷാജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വെട്ടുകേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ സജീഷിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ വലിയചുടുകാടിനു തെക്കുഭാഗത്താണ് സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസിൽ ജീവൻകുമാറിന്‍റെ വീട്ടിൽ ലിനോജ്, കപിൽ ഷാജി എന്നിവർ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം. ജീവൻകുമാറിന്‍റെ ഇളയമകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഇളയമകനെ കിട്ടാതെവന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശിയപ്പോൾ ജീവൻകുമാറിനും മൂത്തമകനും പരിക്കേറ്റു. വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും പോലീസുകാർ സ്ഥലത്തെത്തി പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന വാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരു കൈകളിലുമായി 24 ഓളം തുന്നലുകളാണ് സജീഷിനുള്ളത്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബലപ്രയോഗത്തിനിടെ സിഐക്കും പരിക്കേറ്റു. ഇദ്ദേഹം പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
അരൂർ കോടംതുരുത്തിൽ സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടി പരിഹരിക്കാൻ എത്തിയ കുത്തിയത്തോട് സ്റ്റേഷനിലെ വിജീഷിനെ സഹോദരങ്ങളിൽ ഒരാൾ ആക്രമിക്കുകയായിരുന്നു. വിജീഷിന്‍റെ വലതുകൈപ്പത്തിയിലും വലതുനെഞ്ചിലുമായി കുത്തേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശസ്ത്രക്രിയ ആവശ്യമായി വന്നതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ആരോഗ്യ നിലയെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി അന്വേഷിച്ചു. പൊലീസുകാർക്കുനേരെയുള്ള ആക്രമണം ഗൗരവപൂർവ്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.