ആലപ്പുഴ: സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്. മന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ ഓഫീസർ സുരക്ഷ ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിൽ നിന്നാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്.
സെപ്റ്റംബർ 2 ന് രാത്രി 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ പിറ്റേന്ന് രാത്രി എട്ടരയോടെ തിരികെ ഡൽഹിക്ക് തിരികെ പോകുന്ന നിലയിലാണ് പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്. ഔദ്യോഗിക തിരക്കുകളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നാണ് സൂചന. എന്നാൽ സുരക്ഷ കാരണങ്ങളും വിട്ട് നിൽക്കലിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തുന്ന അമിത് ഷായെ നെഹ്റുട്രോഫി വള്ളംകളി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചിരുന്നു. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആഗസ്റ്റ് 23ന് കത്തയച്ചു. ഈ ക്ഷണം വലിയ വിമർശനത്തിന് ഇടവവെക്കുകയും പ്രതിപക്ഷമടക്കം ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് അമിത് ഷാ എത്തില്ലെന്നത് സംബന്ധിച്ച സ്ഥിരീകരണമായത്.