ആലപ്പുഴ: കഞ്ഞിക്കുഴി കണ്ണർക്കാട്ടെ പി.കൃഷ്ണപിള്ള സ്‌മാരകം ആക്രമിച്ച കേസില്‍ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കണ്ടത്തിയതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ വിധി.
സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് സെഷൻസ് ജഡ്‌ജി എ.ബദറുദീന്‍ വിധി പറഞ്ഞത്. 2013 ഒക്ടോബർ 31ന് പുലർച്ചെ 1.30നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണാർക്കാട്ടെ പി.കൃഷ്ണപിള്ള സ്‌മാരകവും അതിനോട് ചേർന്നുള്ള പ്രതിമയും തകർത്തത്. സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്തി തീർക്കാൻ വേണ്ടി ആക്രമണം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ പോലും പ്രതികളുടെ നിരപരാധിത്വം വ്യക്തമാക്കുന്നതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ഏരിയ മുൻ ജോയിന്‍റ് സെക്രട്ടറി അഡ്വ.ലതീഷ് ബി.ചന്ദ്രൻ, മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.സാബു, സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികൾ. ഒക്ടോബർ 30ന് രാത്രി മുഹമ്മ കായിപ്പുറത്ത് ഇന്ദിരാ സ്തൂപം ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ലതീഷ് ചന്ദ്രനായിരുന്നു. മുതിർന്ന നേതാവ് ടി.കെ പളനിയടക്കം പ്രതികൾക്കെതിരെ മൊഴി നൽകിയത് സിപിഎമ്മിൽ വലിയ ചർച്ചയായിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി.ജി സനൽ കുമാറും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി.കെ സജീവ്, വി.ശിവദാസ്, പി.റോയ് എന്നിവരും ഹാജരായി. കേസില്‍ 72 സാക്ഷികൾ ഉണ്ടായിരുന്നു. 59 സാക്ഷികളെ പ്രോസിക്യൂഷൻ വിചാരണ നടത്തി.