ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ മുട്ടക്കോഴികള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഞ്ഞിക്കുഴി ആറാം വാര്‍ഡില്‍ പാപ്പറമ്പില്‍ പി.എസ്. സാനുമോന്‍റെ ഇരുനൂറോളം വളര്‍ത്തുകോഴികളെയാണ് തിങ്കളാഴ്‌ച രാത്രി ചത്ത നിലയില്‍ കണ്ടെത്തിയത്.
സമ്മിശ്ര കര്‍ഷകനായ സാനുമോന്‍ 16 വര്‍ഷമായി കോഴി, മത്സ്യം, പച്ചക്കറി കൃഷി നടത്തി വരുകയാണ്. ഗ്രാമ പ്രിയ ഇനത്തിലുളള കോഴികള്‍ പൂര്‍ണമായും ചത്തു. കടിയേറ്റ നിലയിലും അടിയേറ്റ നിലയിലുമാണ് ചത്ത കോഴികളെ കണ്ടെത്തിയത്. കൂടാതെ കോഴിക്കൂടിന്‍റെ വാതിലിന് മുകളിലുള്ള ഭാഗം തകര്‍ന്ന നിലയിലായിരുന്നു. സാനുമോന്‍റെ വീടിന് അല്‌പം അകലെയാണ് കോഴിക്കൂട്. കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണെന്നാണ് പരാതി.
ALSO READ: KERALA COVID CASES: കേരളത്തിൽ 14,539 പേർക്ക് കൂടി കൊവിഡ്
മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ച് തിരുവല്ലയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സാനുമോനുമായി മന്ത്രി പി.പ്രസാദ് ഫോണില്‍ ബന്ധപ്പെട്ടു. അരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കര്‍ഷകന്‍ പറഞ്ഞു.