ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ചേർത്തലയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്റ്റർ ഓടിച്ച് കൊണ്ടായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ചേർത്തല വടക്കേ അങ്ങാടി കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപത്ത് സമാപിച്ചു. തുടർന്ന് നടന്ന ഐക്യദാർഢ്യ സമ്മേളനം എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മറ്റിയംഗം ബോബി ശശിധരൻ, പി.വി.ഗിരീഷ്‌കുമാർ, മണ്ഡലം സെക്രട്ടറി കെ.എസ്.ശ്യാം, പ്രസിഡൻ്റ് എസ്.അനീഷ്, വിമൽ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.