ആലപ്പുഴ: കടത്തിണ്ണയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ മദ്യം ലഭിക്കാതെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കാർത്തികപ്പള്ളി സ്വദേശി 70കാരനായ ഹരിദാസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ഹരിദാസൻ കിടങ്ങാംപറമ്പ് ക്ഷേത്രത്തിനടുത്തുള്ള കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇയാൾ ക്ഷേത്രത്തിൽ പുള്ളുവൻ പാട്ടു പാടാൻ വരാറുണ്ടായിരുന്നുവെന്നും ഇയാൾ മദ്യപാനിയാണെന്നും മദ്യം കിട്ടാതെ രണ്ടു ദിവസമായി വിഭ്രാന്തിയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ മരണ കാരണം അറിയാൻ സാധിക്കുകയുള്ളു.