ആലപ്പുഴ: കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍, സി.ബി.നാറ്റ് പരിശോധനകൾക്ക് യഥാക്രമം 2750, 3000 രൂപ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ട്രൂനാറ്റ് ആദ്യ പരിശോധനക്ക് 1500 രൂപ ഈടാക്കാം. ട്രൂനാറ്റ് പരിശോധനയിൽ ഫലം പോസിറ്റീവ് ആയാല്‍ ഉറപ്പാക്കുന്നതിന് രണ്ടാം ഘട്ട പരിശോധനക്ക് വിധേയമാകണം. ഇതിന് 1500 രൂപ കൂടി ഈടാക്കാം. ആന്‍റിജന്‍ പരിശോധനക്ക് 625 രൂപയാണ് സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. നികുതി ഉള്‍പ്പടെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയാണിത്. ഇതിന് വിരുദ്ധമായി കൂടുതല്‍ തുക ഈടാക്കരുതെന്ന് കലക്‌ടർ അറിയിച്ചു.
രോഗലക്ഷണം ഉള്ളയാൾക്ക് ആന്‍റിജൻ പരിശോധനയിലൂടെ ഫലം നെഗറ്റീവായാൽ അയാൾ കൺട്രോൾ റൂമുമായോ ( 0477 2239999) ദിശയുമായോ (1056) ബന്ധപ്പെടണമെന്നും ജില്ലാ കലക്‌ടർ പറഞ്ഞു. ജില്ലയില്‍ ചേര്‍ത്തല കിന്‍ഡര്‍ വിമണ്‍സ് ഹോസ്‌പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍റർ, ആലപ്പുഴ ഹെല്‍ത്ത് പാര്‍ക്ക് മെഡിക്കല്‍ സെന്‍റർ, വണ്ടാനം കുന്നംപളളിൽ ബില്‍ഡിങ്ങില്‍ ശങ്കര്‍സ് ഹെല്‍ത്ത് കെയര്‍ സ്‌കാന്‍സ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ്, തുമ്പോളി പ്രൊവിഡന്‍സ് ഹോസ്‌പിറ്റല്‍, ആലപ്പുഴ ജനറല്‍ ഹോസ്‌പിറ്റലിന് സമീപമുള്ള എ.വി.എ സോണ ടവറില്‍ മെട്രോ ഡയഗ്നോസ്റ്റിക് സെന്‍റർ, ചേര്‍ത്തല കെ.വി.എം.സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ, ജനറല്‍ ഹോസ്‌പിറ്റലിന് സമീപമുള്ള അശ്വതി ഫുള്ളി ഓട്ടമേറ്റഡ് ലാബ്, ചെങ്ങന്നൂര്‍ ആല്‍ത്തറ ജങ്ഷനിലുള്ള ന്യൂ മൈക്രോ ലാബ് ലബോറട്ടറീസ്, ഹരിപ്പാട് കുമ്പളത്ത് ബില്‍ഡിങ്ങില്‍ ഡോക്‌ടേഴ്‌സ് ഡയഗ്നോസ്റ്റിക് ക്ലിനിക്ക്, വണ്ടാനം എസ്.ടി.എം.ലാബ് എന്നിവയാണ് ജില്ലയില്‍ ആന്‍റിജന്‍ പരിശോധനക്ക് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ലാബുകള്‍.