ആലപ്പുഴ: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ആസൂത്രിതമായ ആക്രമണങ്ങൾ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ. ആലപ്പുഴ വള്ളിക്കുന്നത്ത് എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമും പ്രസിഡന്‍റ് എസ് സതീഷും.
Read More:അഭിമന്യു വധത്തിൽ ബിജെപിക്ക് ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം
അഭിമന്യുവിന്‍റെ ചേട്ടനും ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗവുമായ അനന്ദുവിനെയാണ് ആർഎസ്എസ് ലക്ഷ്യംവച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. എന്നാൽ അനന്ദുവിനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. ഇത്തരത്തിൽ നാട്ടിൽ മനപ്പൂര്‍വം സംഘർഷങ്ങൾ സൃഷ്ടിക്കുകയാണ് ആർഎസ്എസ് ചെയ്യുന്നത്. വിഷുദിനത്തിൽ കൊലക്കത്തിയെടുക്കുകയാണ് ആർഎസ്എസ് ചെയ്‌തതെന്നും റഹീം പറഞ്ഞു.
അഭിമന്യുവിനൊപ്പം എസ്എഫ്ഐ പ്രവർത്തകരായ രണ്ടുപേർക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ അരുംകൊലയിൽ പ്രതിഷേധിക്കുന്നതായും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ഉടൻ പിടികൂടണമെന്നും എഎ റഹീമും, എസ് സതീഷും ആവശ്യപ്പെട്ടു.
Read More: അഭിമന്യു വധം: രാഷ്ട്രീയമില്ലെന്ന് പൊലീസ്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി