ആലപ്പുഴ: ആലപ്പുഴ ശുദ്ധജല പദ്ധതിയിലെ അഴിമതി പുറത്തു വരാതിരിക്കാൻ വിജിലൻസ് വകുപ്പ് വസ്‌തുതകൾ തമസ്ക്കരിക്കുകയാണെന്ന് കെ.പി സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ആരോപിച്ചു. മന്ത്രി ജി സുധാകരൻ അമ്പലപ്പുഴ എംഎൽഎ ആയിരിക്കുമ്പോഴാണ് പദ്ധതി നടപ്പാക്കിയത്. അഴിമതി നടത്തിയവരെ സംരക്ഷിക്കുന്നത് മന്ത്രിയായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം അന്വേഷണ ഏജൻസിക്കുണ്ടെന്നും എ.എ ഷുക്കൂർ പറഞ്ഞു.
ആലപ്പുഴ കുടിവെള്ള പദ്ധതി ആലപ്പുഴ നഗരത്തിലേക്ക് മാത്രം കുടിവെള്ളം എത്തിക്കാൻ വേണ്ടി ആവിഷ്കരിച്ച നടപ്പാക്കിയതാണ്. എന്നാൽ അത് യുഡിസ്മാർട്ട് പദ്ധതിയാക്കി സമീപത്തെ നാല് പഞ്ചായത്തുകളെ കൂടി പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തി. ഇത്തരമൊരു നടപടി സ്വീകരിച്ചത് അഴിമതിക്കു കളമൊരുക്കാൻ വേണ്ടിയായിരുന്നുവെന്ന് ഷുക്കൂർ ആരോപിച്ചു. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചത് മൂലം പലതവണയായി പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കരാറുകാരനെ സംബന്ധിച്ച് ആക്ഷേപം ഉയർന്നപ്പോൾ കരാറുകാരൻ അഴിമതി സംബന്ധിച്ച് മന്ത്രി സുധാകരന് പരാതി നൽകിയിരുന്നു എന്നും ഈ പരാതി മന്ത്രി പുറത്തുവിടണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.