ആലപ്പുഴ: കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധ താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളില്‍ ഇതുവരെ 797 പേരെ മാറ്റി പാര്‍പ്പിച്ചു. ഇതിൽ 339 സ്ത്രീകളും 356 പുരുഷന്മാരും 108 കുട്ടികളും 22 മുതിർന്നവരും രണ്ട് ഗർഭിണികളുമാണ് ഉള്ളത്. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് കൂടിയതോടെ പമ്പ-അച്ചന്‍കോവില്‍ ആറുകളുടെ തീരത്തുള്ള ചെങ്ങന്നൂര്‍ താലൂക്കിലാണ് ഏറ്റവുമധികം ക്യാമ്പുകള്‍ തുറന്നത്. ചെങ്ങന്നൂര്‍ താലൂക്കില്‍ 17 ക്യാമ്പുകളിലായി 573 പേര്‍, മാവേലിക്കര താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 22 പേര്‍, ചേര്‍ത്തല താലൂക്കില്‍ ഒരു ക്യാമ്പില്‍ 36 പേര്‍, കാർത്തികപ്പള്ളി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 152 പേര്‍, കുട്ടനാട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 11 പേരെയും മാറ്റി പാര്‍പ്പിച്ചു.
പുളിങ്കുന്നിൽ സെന്‍റ് ജോസഫ് ഹൈസ്‌കൂളിലും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ ഒരു വനിതയും രണ്ടു കുട്ടികളുമടക്കം മൂന്നു പേരാണ് ഇവിടെയുള്ളത്. കുന്നുമ്മ വില്ലേജിൽ ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങളില്‍ നിന്നായി ഒമ്പത് പേരെ എത്തിച്ചു. കൈനകരി സെന്‍റ് മേരീസ് സ്‌കൂളിലും ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കുട്ടനാട് താലൂക്കില്‍ മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് കുട്ടനാട് തഹല്‍സിദാര്‍ പറഞ്ഞു.