ആലപ്പുഴ: കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2000 കിടക്കകൾ ഒരുക്കും. ആലപ്പുഴയിലെ വിവിധ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളി(സിഎഫ്എല്‍റ്റിസി)ലാണ് കിടക്കകൾ സജ്ജീകരിക്കുന്നത്. ജില്ലയിലെ 92 കേന്ദ്രങ്ങളിലായി 7363 കിടക്കകൾ തയ്യാറാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 430 എണ്ണം നിലവില്‍ സജ്ജമാണ്. 1565 കിടക്കകൾ അടുത്ത ദിവസം മുതൽ രോഗികൾക്കായി ക്രമീകരിക്കും.
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തുന്ന കെട്ടിടങ്ങള്‍, അതാത് സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാർ പരിശോധിച്ച് വിലയിരുത്തിയ ശേഷം ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനാണ് തീരുമാനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ജില്ലാ കലക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗം ചേര്‍ന്ന് എല്ലാ സ്ഥലങ്ങളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കാൻ അടിയന്തര നിര്‍ദേശമുണ്ട്. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍മെക്‌സ് ആശുപത്രി (280 കിടക്കകൾ), മാവേലിക്കര നരഗസഭയിലെ പിഎം ആശുപത്രി (150 കിടക്കകൾ) എന്നീ സിഎഫ്എല്‍റ്റിസികളാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളുടെ പ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ പൊതുജനങ്ങളിൽ നിന്ന് സംഭാവന ആയി സ്വീകരിക്കും.