ടോക്കിയോ : ബാഡ്‌മിന്‍റണിൽ ഇന്ത്യൻ മെഡല്‍ പ്രതീക്ഷയായ പി.വി സിന്ധുവിന് വിജയ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇസ്രയേലിന്‍റെ സെനിയ പോളികാർപോവയെ ആണ് സിന്ധു അനായാസം മറികടന്നത്. എതിരില്ലാത്ത രണ്ട് സെറ്റിനായിരുന്നു സിന്ധുവിന്‍റെ ജയം. സ്‌കോർ 21-7, 21-10
28 മിനുട്ട് മാത്രം നീണ്ടുനിന്ന മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. ഇസ്രയേല്‍ താരം കളം മനസിലാക്കും മുമ്പ് തന്നെ ആദ്യ സെറ്റ് സിന്ധു സ്വന്തമാക്കിയിരുന്നു. ആദ്യ സെറ്റിലെ കനത്ത് തോല്‍വിയില്‍ നിന്ന് കരകയറാൻ രണ്ടാം സെറ്റിലും ഇസ്രയേൽ താരത്തിനായില്ല. 15 മിനുട്ടിനുള്ളില്‍ രണ്ടാം സെറ്റും സിന്ധു സ്വന്തമാക്കി.
പുരുഷ ഡബിൾസില്‍ ചിരാഗ് ഷെട്ടി - സത്വിക്സൈരാജ് രാങ്കിറെഡി സഖ്യവും ആദ്യ റൗണ്ട് വിജയിച്ചു. ചൈനീസ് തായ്‌പേയുടെ ലീ യാങ് - വാങ് ചി ലി സഖ്യത്തെയാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഇന്ത്യൻ സഖ്യം തോല്‍പ്പിച്ചത്. സ്‌കോർ 21-16, 16-21, 27-25.
also read : 'രാജ്യത്തിന്‍റെ മകളെക്കുറിച്ച് അഭിമാനിക്കുന്നു'; ചാനുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജു