പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ ഒത്തുകളിയാരോപിച്ച് റഷ്യന്‍ താരം യാന സിസികോവയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഫ്രഞ്ച് ഓപ്പണുമായി ബന്ധപ്പെട്ടാണ് 26കാരിയായ സിസികോവയെ അറസ്റ്റ് ചെയ്തത്. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ തന്നെ സിസികോവയും യുഎസിന്‍റെ മാഡിസന്‍ ബ്രെംഗിളുമടങ്ങിയ സഖ്യം പുറത്തായിരുന്നു.
റുമാനിയന്‍ താരങ്ങളായ ആന്‍ഡ്രിയ മിട്ടു, പട്രീഷ്യ മാരി എന്നിവരടങ്ങിയ സഖ്യത്തോടായിരുന്നു തോല്‍വി. മത്സരത്തിന്‍റെ രണ്ടാം സെറ്റിന്‍റെ സെർവ് ഇടവേളയിൽ ലക്ഷക്കണക്കിന് യൂറോയുടെ വാതുവയ്പ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
also read: 'തോല്‍പ്പിക്കാന്‍ എളുപ്പമല്ലെന്ന് ഇന്ത്യ കാണിച്ചുതന്നു': ഫെലിക്സ് സാഞ്ചസ്
അതേസമയം താരത്തിന്‍റെ അറസ്റ്റ് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് സംഘടന തയ്യാറായിട്ടില്ല. സിസികോവയുടെ അറസ്റ്റിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് റഷ്യന്‍ ടെന്നിസ് ഫെഡറേഷനും അറിയിച്ചു. റഷ്യയുടെ ഏകതെരീന അലെക്‌സാന്‍ഡ്രോവയ്‌ക്കൊപ്പം ഇത്തവണ ഡബിള്‍സില്‍ മത്സരിച്ച സിസികോവ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.