ലണ്ടൻ: വിംബിൾഡൺ വനിത ഫൈനലില്‍ അമേരിക്കൻ താരം സെറീന വില്ല്യംസ് റൊമാനിയയുടെ സിമോണ ഹാലെപ്പുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനലില്‍ സെറീന വില്ല്യംസ് ബാർബോറ സ്ട്രൈക്കോവയെയും ഹാലെപ്പ് സ്വിറ്റോളിനെയും തോല്‍പ്പിച്ചു.
ആദ്യമായി വിംബിൾഡൺ സെമിയില്‍ എത്തിയ ഉക്രൈന്‍റെ എലിന സ്വിറ്റോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഹാലെപ്പ് ഫൈനലില്‍ പ്രവേശിച്ചത്. മുൻ ലോക ഒന്നാം നമ്പർ താരമായ ഹാലപ്പിന്‍റെ ആദ്യ വിംബിൾഡൺ ഫൈനലാണിത്. രണ്ടാം സെമിയില്‍ അമേരിക്കയുടെ സെറീന വില്ല്യംസ് സ്ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോല്‍പ്പിച്ചത്. വെറും 59 മിനിറ്റുകൾ മാത്രമാണ് മത്സരം നീണ്ടുനിന്നത്. സെറീനയുടെ പന്ത്രണ്ടാം വിംബിൾഡൺ സെമിഫൈനലായിരുന്നു ഇത്.
കരിയറിലെ എട്ടാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന സെറീനയ്ക്ക് കടുത്ത പോരാട്ടമാകും നാളെ നടക്കുന്ന ഫൈനലില്‍ നേരിടേണ്ടി വരിക. ഏഴാം സീഡ് താരമായ ഹാലെപ്പിന് സെറീനയെ കീഴടക്കി ആദ്യ വിംബിൾഡൺ കിരീടം നേടാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.