മുംബൈ: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സാനിയ മിര്‍സ. ഗര്‍ഭിണിയായിരുന്നപ്പോള്‍ ശരീര ഭാരം 23 കിലോയോളം വര്‍ദ്ധിച്ചു. അമ്മയായ ശേഷം ഫിറ്റ്‌നെസ് വീണ്ടെടുക്കുക വെല്ലുവിളിയായിരുന്നു. ഭക്ഷണക്രമം നിയന്ത്രിച്ചും കര്‍ശന വ്യായാമത്തിലൂടെയും 26 കിലോയോളം കുറച്ചാണ് കോര്‍ട്ടിലേക്ക് തിരിച്ചുവന്നത്. മകന്‍ ഇഷാന്‍ പിറന്ന ശേഷം കഴിഞ്ഞ വര്‍ഷം കോര്‍ട്ടിലേക്ക് എത്തിയ സാനിയ ഹോബര്‍ട്ട് ഇന്‍റര്‍നാഷണലിലെ ഡബിള്‍സ് കിരീടം സ്വന്തമാക്കി തിരിച്ചുവരവ് ആഘോഷിച്ചു.
കുഞ്ഞിന് ജന്മം നല്‍കാനായതോടെ താന്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറിയതായും സാനിയ കൂട്ടിച്ചേര്‍ത്തു. അമ്മയായാലേ അതിന്‍റെ അര്‍ഥം എന്തെന്ന് മനസിലാകൂ. അമ്മയായ ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്താനായതില്‍ അഭിമാനിക്കുന്നു. മറ്റ് സ്‌ത്രീകള്‍ക്കും ഇത് സാധ്യമാണെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
2010 ൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയ 2018 ഒക്‌ടോബറിൽ ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയാകാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി രണ്ടര വര്‍ഷത്തോളം ടെന്നീസില്‍ നിന്നും വിട്ടുനിന്ന സാനിയ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്.