മെക്സികോ: ഡബ്ല്യുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് കിരീടം (WTA Finals doubles title) സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രെജിക്കോവ (Barbora Krejcikova) - കാതറിന സിനിയക്കോവ (Katerina Siniakova) സഖ്യം.
മൂന്നാം നമ്പർ സീഡായ ചൈനീസ് തായ്പേയിയുടെ ഹ്സിഹ് സു-വെയ്(Hsieh Su-Wei) , ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസ് (Elise Mertens) സഖ്യത്തെയാണ് ഒന്നാം സീഡായ ചെക്ക് താരങ്ങള്‍ തോല്‍പ്പിച്ചത്. ഒരു മണിക്കൂർ 18 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക്ക് സഖ്യത്തിന്റെ വിജയം. സ്കോര്‍: 6-3, 6-4.
തങ്ങള്‍ക്കിന്ന് വളരെ നല്ലദിവസമായിരുന്നുവെന്ന് വിജയത്തിന് പിന്നാലെ ക്രെജിക്കോവ പറഞ്ഞു. മുന്‍ കൂട്ടി നിശ്ചയിച്ച പദ്ധതികള്‍ കളിക്കളത്തില്‍ നടപ്പിലാക്കാനായെന്നും, തങ്ങളാല്‍ കഴിയുന്നതെല്ലാം മികച്ച രീതിയില്‍ ചെയ്യാനായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
also read: ഡബ്ല്യുടിഎ ഫൈനൽസില്‍ കിരീടമുയര്‍ത്തി ഗാർബൈൻ മുഗുരുസ
നേട്ടത്തില്‍ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള യാത്രകളില്‍ വിജയം തുടരാനായി കൂടുതല്‍ അഗ്രസീവായി തുടരേണ്ടതുണ്ടെന്ന് കരുതുന്നതായി സിനിയക്കോവ പ്രതികരിച്ചു.