കാലേക്കൂട്ടി നിശ്ചയിക്കുന്ന ഫിനിഷിങ് ലൈനിലേക്ക് എത്താത്ത കൗതുകമുള്ള ഭ്രാന്തമായ ഗെയിമെന്ന് ടെന്നീസിലെ മികച്ച കളിക്കാരന്‍ ആന്ദ്രെ അഗാസി പറഞ്ഞത് വെറുതെയല്ല. ടെന്നീസ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. അതും ലോക ടെന്നീസിലെ എക്കാലത്തേയും മികച്ച വലിയ ഇതിഹാസ താരങ്ങളായ സ്വിസ് താരം റോജര്‍ ഫെഡററും സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചും കൂടിയാകുമ്പോള്‍ പറയേണ്ടതില്ല. അങ്ങനെയൊരു സ്വപ്ന സെമി ഫൈനലാവും ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സമ്മാനിക്കുക എന്നതില്‍ തര്‍ക്കമില്ല. അമ്പതാം തവണയാണ് കരിയറില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
പ്രായം തളര്‍ത്താത്ത പോരാളിയുടെ വീര്യം എത്രയാണെന്ന് നിര്‍ണയിക്കുന്ന ഫലത്തിനാണോ പുതിയ തലമുറയുടെ കായിക ബലമാണോ വിജയിക്കുക എന്നത് മാത്രമേ അറിയേണ്ടതുള്ളൂ. ഏഴ് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ദ്യോകോവിച്ചും. ആറ് തവണ വിജയിച്ച റോജര്‍ ഫെഡററും കഴിഞ്ഞ വര്‍ഷം നടന്ന വിംബിള്‍ഡണ്‍ ഫൈനലിലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഗ്രാന്‍റ് സ്ലാം കിരീടം ദ്യോകോവിച്ച് സ്വന്തമാക്കി. വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം അന്ന് ഫെഡററില്‍ നിന്ന് വഴുതി മാറി.
കടുത്ത പോരാട്ടത്തിന്‍റെ ഫലമായി ഏഴ് മാച്ച് പോയിന്‍റുകളെ അതിജീവിച്ച് സാന്‍റ്ഗ്രനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലെത്തിയത്. മിലോസ് റോനിക്കിനെ ആധികാരികമായി തോല്‍പ്പിച്ചാണ് ദ്യോകോവിച്ച് അവസാന നാലിലേക്ക് ശക്തിയാര്‍ജിച്ചെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 49 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ദ്യോകോവിച്ച് 26 എണ്ണത്തിലും ഫെഡറര്‍ 23 എണ്ണത്തിലും വിജയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരസ്പരം 4 തവണ കണ്ടുമുട്ടിയതില്‍ 3 തവണയും ദ്യോക്കോവിച്ചിനൊപ്പമായിരുന്നു ജയം. വിംബിള്‍ഡണിലാണെങ്കില്‍ 4 തവണ കണ്ടുമുട്ടിയതില്‍ 3 എണ്ണത്തിലും ജയം കണ്ടു. ഗ്രാന്‍റ് സ്ലാമുകളില്‍ 16 തവണയാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 10 എണ്ണത്തില്‍ ദ്യോക്കോവിച്ചും 6 എണ്ണത്തില്‍ ഫെഡററും ജയിച്ചു. ഇതുവരെ 19 തവണ ഫൈനലുകളില്‍ ഇരു താരങ്ങളും ഏറ്റുമുട്ടി. 13 തവണ ദ്യോക്കോവിച്ച് വിജയിച്ചപ്പോള്‍ 6 എണ്ണത്തില്‍ മാത്രമാണ് ഫെഡറര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്.
ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണ ഇരുവരും മുഖാമുഖം വന്നു. ഇരുവരും ഓരോ തവണ കിരീടം സ്വന്തമാക്കി. യു.എസ് ഓപ്പണില്‍ 6 തവണ പരസ്പരം കണ്ടുമുട്ടിയപ്പോഴും 3 വീതം ജയങ്ങള്‍ ആണ് ഇരുതാരങ്ങളും നേടിയത്. 16 ഗ്രാന്‍റ് സ്ലാം നേട്ടങ്ങളും ആയി ദ്യോക്കോവിച്ച് നില്‍ക്കുമ്പോള്‍ 20 ഗ്രാന്‍റ് സ്ലാം ഫെഡററുടെ കൈപ്പിടിയിലാണ്.
കണക്കുകള്‍ നല്‍കുന്നത് ഇതൊക്കെയാണെങ്കിലും ഫെഡററുടെ പരിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ദ്യോകോവിച്ചിന് ഇത് അനുകൂലമാകാനും സാധ്യതയുണ്ട്. എന്നാല്‍ പരിക്ക് മാത്രം കണക്കിലെടുത്ത് ഫെഡറര്‍ എന്ന പോരാളിയെ വിലയിരുത്താനാവില്ല. മൂന്നാം റൗണ്ടിലെ സൂപ്പര്‍ ടൈ ബ്രേക്ക് 4-6 ന് പിന്നിലായ ഫെഡറര്‍ തുടര്‍ച്ചയായി ആറ് പോയിന്‍റ് കൈക്കലാക്കി കളി ജയിച്ചത് ആ കരുത്തും മനസാന്നിധ്യവും തന്നെയാണ്. ഇനി ക്വാര്‍ട്ടറിലെ കാര്യമെടുത്താല്‍ ഏഴ് മാച്ച് പോയിന്‍റുകള്‍ താരം അതിജീവിച്ചു. തോല്‍വിയെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിക്കാത്ത രണ്ട് ഇതിഹാസങ്ങള്‍ കോര്‍ട്ടില്‍ ഒരിക്കലും മറക്കാനാവാത്ത സെമി സമ്മാനിക്കുമെന്ന് തന്നെ ഉറപ്പിക്കാം.