മെല്‍ബണ്‍: 2022ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ( Australian Open) പങ്കെടുക്കണമെങ്കില്‍ എല്ലാ താരങ്ങളും കൊവിഡ് വാക്‌സിന്‍ (covid vaccination) സ്വീകരിച്ചിരിക്കണമെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി. ടൂര്‍ണമെന്‍റിന്‍റെ ഓഫീഷ്യല്‍ ലോഞ്ചില്‍ സംസാരിക്കവെയാണ് ക്രെയ്ഗ് ടൈലി ഇക്കാര്യം പറഞ്ഞത്. വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാത്ത സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് (Novak Djokovic) അടക്കമുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണിത്.
വാക്സിനേഷന്‍ സ്വകാര്യകാരമാണെന്നായിരുന്നു നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോ ഇത് സംബന്ധിച്ച് നേരത്തെ പ്രതികരിച്ചത്. 21ാം ഗ്രാന്‍സ്ലാം എന്ന റെക്കോഡിനായി ഇറങ്ങണോയെന്ന് ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട ആരോഗ്യ ചട്ടങ്ങള്‍ ടെന്നീസ് ഓസ്‌ട്രേലിയ പുറത്തുവിടുന്നത് വരെ കാത്തിരിക്കാമെന്നുമായിരുന്നു താരത്തിന്‍റെ നിലപാട്.
also read: PV Sindhu | ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ നിന്നും പിവി സിന്ധു പുറത്ത്
വിക്ടോറിയ സംസ്ഥാന സര്‍ക്കാരും ടെന്നീസ് ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന നിരവധിയായ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ടൂര്‍ണമെന്‍റിനായി മെല്‍ബണ്‍ പാര്‍ക്കിലെത്തുന്നവര്‍ എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന ചട്ടം വന്നത്.
മെല്‍ബണില്‍ ജോക്കോവിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനായി അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും ടൈലി വ്യക്തമാക്കി. അതേസമയം 2022 ജനുവരി 17 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിട്ടുള്ളത്.