മെല്‍ബണ്‍: അട്ടിമറികള്‍ തുടര്‍ക്കഥയാകുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍. ലോകോത്തര താരം സെറീന വില്യംസിന് പിന്നാലെ നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയുടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. പതിനഞ്ച് വയസ് മാത്രമുള്ള ആമേരിക്കയുടെ പ്രോഡിഗൈ കോക്കോ ഗൗഫാണ് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് ഒസാക്കയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-4.
തുടക്കം മുതല്‍ ആധികാരമായ പ്രകടനമാണ് ഗൗഫിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യമായി പങ്കെടുക്കുന്നതിന്‍റെ ആശങ്കകളൊന്നുമില്ലാതെ കളിച്ച താരത്തിന് മുന്നില്‍ ചാമ്പ്യന് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റിന്‍റെ 15 മിനുട്ടിനുള്ളില്‍ തന്നെ അഞ്ച് പോയിന്‍റുകള്‍ ഗൗഫ് സ്വന്തമാക്കി. യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ജപ്പാന്‍ താരത്തിന് സെര്‍വുകളും പിഴച്ചു. ചെറിയ പിഴവുകള്‍ പോലും മുതലാക്കിയ പതിനഞ്ചുകാരി അനായാസ വിജയം സ്വന്തമാക്കി. ലോകറാങ്കിങ്ങില്‍ 62 ാം സ്ഥാനത്തുള്ള താരമാണ് പ്രോഡിഗൈ കോക്കോ ഗൗഫ്. അവിശ്വസനീയം എന്നാണ് സ്വന്തം വിജയത്തെ ഗൗഫ് വിശേഷിപ്പിച്ചത്.