ദുബായ് : ടി20 ലോകകപ്പിൽ ന്യൂസിലാന്‍ഡ് ടീമിന് തലവേദന സൃഷ്‌ടിച്ച് താരങ്ങളുടെ പരിക്ക്. കഴിഞ്ഞ ദിവസം ടീമിലെ സ്റ്റാർ പേസർ ലോക്കി ഫെർഗൂസൻ പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ഇതിന്‍റെ ക്ഷീണം തീരുന്നതിന് മുന്നേതന്നെ ടീമിന്‍റെ വെടിക്കെട്ട് ഓപ്പണർ മാർട്ടിൻ ഗുപ്‌റ്റിലും പരിക്കിന്‍റെ പിടിയിലായിരിക്കുകയാണ്.
പാകിസ്ഥാനെതിരായ മത്സരത്തിനിടെയാണ് പേസർ ഹാരിസ് റൗഫിന്‍റെ പന്തിൽ താരത്തിന്‍റെ പെരുവിരലിന് പരിക്കേറ്റത്. 'മത്സരത്തിന് ശേഷം ഗുപ്‌റ്റില്‍ ചെറിയ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. അവന്‍റെ അവസ്ഥ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. 24-48 മണിക്കൂറുകൾ കഴിഞ്ഞാലേ പരിക്കിന്‍റെ ഗൗരവം വ്യക്‌തമാകുകയുള്ളൂ', മത്സരശേഷം കിവീസ് കോച്ച് ഗാരി സ്റ്റീഡ് പറഞ്ഞു.
അതേസമയം ഇന്ത്യക്കെതിരായ അടുത്ത മത്സരത്തിൽ ഗുപ്‌റ്റിലിന് കളിക്കാനാകാതെ വന്നാൽ അത് ന്യൂസിലാൻഡ് ടീമിനെ പ്രതികൂലമായി ബാധിക്കും. ടി20യിൽ ന്യൂസിലാൻഡിന്‍റെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ഗുപ്‌റ്റില്‍.
ALSO READ : ടി 20 ലോകകപ്പ് : ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസണ് പരിക്ക്, ടൂർണമെന്‍റിൽ നിന്ന് പുറത്ത്
കഴിഞ്ഞ ദിവസമാണ് ടീമിന്‍റെ പ്രധാന ബോളർ ലോക്കി ഫെർഗൂസണ്‍ പരിക്കേറ്റ് ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. പകരക്കാരനായി ആദം മിൽനെയെ കിവീസ് പരിഗണിച്ചെങ്കിലും പാകിസ്ഥാനെതിരായ മത്സരത്തിൽ കളിപ്പിക്കാനുള്ള അനുമതി ഐസിസി നൽകിയിരുന്നില്ല. അതേസമയം ഇന്ത്യക്കെതിരായ മത്സരത്തിൽ മിൽനെ ടീമിനൊപ്പമുണ്ടാകും.