ടെക്‌സാസ്: ഡബ്ല്യുടിഎ ഫൈനൽസ് ടെന്നിസില്‍ നിന്നും ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെക് പുറത്ത്. സെമിയിൽ ബെലാറഷ്യയുടെ ഏഴാം സീഡ് താരം അരിന സബലെങ്കയോടാണ് പൊളിഷ് താരത്തിന്‍റെ ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 24കാരിയായ അരിന സബലെങ്ക 21കാരിയായ ഇഗയെ അട്ടിമറിച്ചത്.
സ്‌കോര്‍: 6-2, 2-6, 6-1. സീസണില്‍ അഞ്ച് തവണയുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇഗയ്‌ക്കെതിരെ സബലെങ്ക നേടുന്ന ആദ്യ വിജയമാണിത്. ഇതോടെ 2000-ന് ശേഷം ഒരു ടൂർണമെന്‍റിൽ ഒന്നും രണ്ടും മൂന്നും സീഡായ കളിക്കാരെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ വനിത താരമാവാനും സബലെങ്കയ്ക്ക് കഴിഞ്ഞു.
ഇഗയ്‌ക്ക് മുന്നെ ഒൻസ് ജാബ്യൂര്‍, ജെസീക്ക പെഗുല എന്നിവർക്കെതിരെയും സബലെങ്ക വിജയിച്ചിരുന്നു. സീസണ്‍ എന്‍ഡിങ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലിൽ ഫ്രാൻസിന്‍റെ കരോലിൻ ഗാർഷ്യയാണ് ബെലാറഷ്യന്‍ താരത്തിന്‍റെ എതിരാളി. ആറാം സീഡായ കരോലിൻ ഗാർഷ്യ ഗ്രീക്ക് താരം മരിയ സക്കാരിയെ മറികടന്നാണ് ഫൈനലില്‍ എത്തിയത്.
നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു 29കാരിയായ ഗാർഷ്യ സക്കാരിയെ തോല്‍പ്പിച്ചത്. 75 മിനിട്ട് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ 6-3, 6-2 എന്ന സ്‌കോറിനാണ് ഗാർഷ്യയുടെ വിജയം.
also read: പാരീസ് മാസ്‌റ്റേഴ്‌സ്: ജോക്കോയെ അട്ടിമറിച്ചു, ഡെന്മാര്‍ക്കിന്‍റെ കൗമാര താരം ഹോൾഗർ റൂണിന് കിരീടം