ബെൽഗ്രേഡ്(സെർബിയ): ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്‌സിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയ്‌ക്ക് വെങ്കലം. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിലെ വെങ്കലപ്പോരാട്ടത്തില്‍ പ്യൂർട്ടോറിക്കോയുടെ സെബാസ്റ്റ്യൻ സി റിവേരയെയാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവുമായ ബജ്‌റംഗ് പുനിയ തോല്‍പ്പിച്ചത്. 11-9 എന്ന സ്‌കോറിനാണ് പുനിയയുടെ വിജയം.
അടുത്തിടെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ പുനിയ പിന്നില്‍ നിന്നാണ് പൊരുതിക്കയറിയത്. ഒരു ഘട്ടത്തില്‍ 0-6ന് പിന്നിലായിരുന്നു പുനിയ. തുടര്‍ന്ന് എതിരാളിക്ക് വെറും മൂന്ന് പോയിന്‍റ് മാത്രം വിട്ടുനല്‍കിയാണ് പുനിയ ശക്തമായ തിരിച്ച് വരവ് നടത്തിയത്.
ചാമ്പ്യൻഷിപ്പില്‍ പുനിയയുടെ നാലാമത്തെ മെഡലാണിത്. ഇതോടെ ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരനാവാനും പുനിയയ്‌ക്ക് കഴിഞ്ഞു. 2013ൽ വെങ്കലം നേടിയ താരം 2018ല്‍ വെള്ളിയും 2019ൽ മറ്റൊരു വെങ്കലവും നേടിയിരുന്നു.
അതേസമയം ക്വാർട്ടർ ഫൈനലിൽ യുഎസ്എയുടെ ജോൺ മൈക്കൽ ഡയകോമിഹാലിസിനോട് തോറ്റാണ് പുനിയ വെങ്കലപ്പോരട്ടത്തിനെത്തിയത്. വിക്ടറി ബൈ സുപ്പീരിയോറിറ്റിയുടെ (വിഎസ്‌യു) അടിസ്ഥാനത്തിൽ 10-0 എന്ന സ്‌കോറിനായിരുന്നു പുനിയയുടെ തോല്‍വി.