ഖത്തർ: ഖത്തർ ലോകകപ്പിൽ സെനഗലിന്‍റെ സ്വപ്‌നങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് സൂപ്പർ താരം സാദിയോ മാനെ പരിക്കേറ്റ് പുറത്തായത്. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇപ്പോൾ മാനെ ഇല്ലാത്ത ലോകകപ്പ് ദരിദ്രമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ലിവർപൂളിലെ മാനെയുടെ മുൻ സഹതാരവും നെതർലൻഡ്‌സ് ക്യാപ്‌റ്റനുമായ വാൻ ഡിക്.
'ഞങ്ങൾക്കെതിരായ മത്സരം സാദിയോയ്ക്ക് നഷ്‌ടമായതിൽ ഞാൻ ഖേദിക്കുന്നു, കാരണം ഈ ലോകകപ്പ് മികച്ച കളിക്കാരെ അർഹിക്കുന്നു, സാദിയോ അവരിൽ ഒരാളാണ്. സാദിയോ ലോകോത്തര താരമാണ്. അവൻ എന്‍റെ സുഹൃത്താണ്, ഞാൻ അവനെ മിസ് ചെയ്യും', വാൻ ഡിക് പറഞ്ഞു. അടുത്ത തിങ്കളാഴ്‌ച ലോകകപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സ് ആണ് സെനഗലിന്‍റെ എതിരാളി.
ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ വെര്‍ഡന്‍ ബ്രെമിനെതിരെ കളിക്കുന്നതിനിടെയാണ് സാദിയോ മാനെക്ക് പരിക്കേറ്റത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് അന്ന് മത്സരത്തിന്‍റെ 20-ാം മിനിട്ടില്‍ തന്നെ താരം മൈതാനം വിട്ടിരുന്നു. എന്നാൽ പരിക്കേറ്റിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്‌ച പ്രഖ്യാപിച്ച ലോകകപ്പിനുള്ള സെനഗലിന്‍റെ 26 അംഗ സ്ക്വാഡില്‍ മാനെയേയും പരിശീലകന്‍ അലിയോ സിസ്സേ ഉള്‍പ്പെടുത്തിയിരുന്നു.
ആദ്യ മത്സരങ്ങള്‍ നഷ്‌ടപ്പെട്ടാലും ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിനിടെ മാനെക്ക് കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ശസ്‌ത്രക്രിയക്ക് പിന്നാലെയാണ് താരത്തിന് ലോകകപ്പില്‍ പങ്കെടുക്കാനാകില്ല എന്ന് വ്യക്‌തമായത്. തുടർന്ന് സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും ബയേണ്‍ മ്യൂണിക്കും താരം ലോകകപ്പിൽ കളിക്കില്ലെന്ന് വിവരം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ALSO READ: സെനഗല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി, പരിക്കേറ്റ സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്
ലോകഫുട്‌ബോളില്‍ നിലവില്‍ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളാണ് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിന്‍റെ സാദിയോ മാനെ. 92 മത്സരങ്ങളില്‍ രാജ്യത്തിന്‍റെ ജഴ്‌സിയണിഞ്ഞ അദ്ദേഹം 33 ഗോളും നേടിയിട്ടുണ്ട്. മാനെയുടെ അഭാവം നികത്താന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പില്‍ കാര്യങ്ങള്‍ കൂടുതൽ പ്രയാസകരമാകും.