ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിനെ വിമര്‍ശിച്ച് ഘാന പരിശീലകന്‍ ഒട്ടോ അഡ്ഡോ. ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോള്‍ റഫറിയുടെ 'സമ്മാനം' ആണെന്നാണ് ഘാന കോച്ച് ഓട്ടോ അഡ്ഡോ പറയുന്നത്. ഘാന ഡിഫന്‍ഡര്‍ മുഹമ്മദ് സാലിസു ക്രിസ്റ്റ്യാനോയെ ഫൗള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇത് ശരിക്കും തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടാണ് വാര്‍ സംവിധാനം ഉപയോഗിക്കാതിരുന്നതെന്ന് എനിക്കറിയില്ല. അതിന് ഒരു വിശദീകരണവുമില്ല.
ശരിക്കും ആ ഫൗള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു. ആരെങ്കിലും ഗോളടിച്ചാല്‍ അയാളെ അഭിനന്ദിക്കണം. പക്ഷേ ഇത് റഫറിയുടെ സമ്മാനമാണ്. ഇതില്‍ കൂടുതല്‍ ആ ഗോളിനെ കുറിച്ച് എന്ത് പറയാനാണ്". ഒട്ടോ അഡ്ഡോ പറഞ്ഞു.
മത്സരത്തില്‍ റഫറിയുടെ തീരുമാനം ഏറെയും തങ്ങള്‍ക്ക് എതിരായിരുന്നുവെന്നും അഡ്ഡോ അരോപിച്ചു. റഫറി ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. ഞങ്ങൾക്ക് കുറച്ച് മഞ്ഞ കാർഡുകൾ ലഭിച്ചു, അതു അർഹമായത് തന്നെയാണ്.
എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകള്‍ ഒഴിവാക്കാന്‍ ഞങ്ങളുടെ ജേഴ്‌സിയില്‍ പിടിച്ച് വലിച്ചപ്പോഴൊന്നും റഫറി കാര്‍ഡ് പുറത്തെടുത്തില്ലെന്നും ഘാന കോച്ച് പറഞ്ഞു. കുറച്ച് ഭാഗ്യം കൂടെയുണ്ടായിരുന്നുവെങ്കില്‍ ഘാനയ്‌ക്ക് മത്സരം വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന മിനിറ്റ് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഘാനയെ പറങ്കിപ്പട കീഴടക്കിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ അഞ്ച് ഗോളും പിറന്നത്. 69ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോയിലൂടെ പോര്‍ച്ചുഗലാണ് ആദ്യം ലീഡെടുത്തത്.
ഈ ഗോള്‍ നേട്ടത്തോടെ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ 37കാരനായ ക്രിസ്റ്റ്യാനോയ്‌ക്ക് കഴിഞ്ഞു. തുടര്‍ന്ന് ജാവൊ ഫെലിക്‌സും റാഫേല്‍ ലിയോയുമാണ് പോര്‍ച്ചുഗലിനായി മറ്റ് ഗോളുകൾ നേടിയത്. ഘാനയ്‌ക്കായി ആന്‍ഡ്ര അയൂവും ഒസ്‌മാന്‍ ബുകാരിയുമാണ് ലക്ഷ്യം കണ്ടത്.