ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വേഗക്കാരുടെ പോരില്‍ അമേരിക്കയുടെയും ജമൈക്കയുടെയും സര്‍വാധിപത്യം. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തിലെ മൂന്ന് സ്ഥാനങ്ങളും അമേരിക്ക നേടിയപ്പോള്‍, വനിത വിഭാഗം ജമൈക്ക തൂത്തുവാരി. ഞായറാഴ്‌ച(17.07.2022) നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് ഒന്നാമതെത്തി.
10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ഷെല്ലി ചാമ്പ്യന്‍ഷിപ്പിലെ വേഗതയേറിയ താരമെന്ന റെക്കോഡ് സ്വന്തമാക്കുകയും ചെയ്‌തു. ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്‌സണ്‍ (10.73 സെക്കന്‍ഡ്) വെള്ളിയും, ഒളിമ്പിക് ജേതാവ് കൂടിയായ എലൈന്‍ തോംസണ്‍ (10.81 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്.
നേരത്തെ പുരുഷ വിഭാഗം ഫൈനലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അമേരിക്കന്‍ താരങ്ങള്‍ മിന്നിയിരുന്നു. 9.86 സെക്കന്‍ഡോടെ അമേരിക്കയുടെ ഫ്രെഡ് കേര്‍ലിയാണ് വേഗമേറിയ താരമായത്. അമേരിക്കയുടെ തന്നെ മാര്‍വിന്‍ ബ്രേസി രണ്ടാമതും ട്രൈവണ്‍ ബ്രോമല്‍ മൂന്നാമതും ഫിനിഷ് ചെയ്‌തു.
ഇരുവരും 9.88 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്. എന്നാല്‍ സെക്കന്‍ഡിന്‍റെ നേര്‍ത്ത വ്യത്യാസത്തിലാണ് ബ്രേസി രണ്ടാമതെത്തിയത്. 31 വര്‍ഷത്തിന് ശേഷമാണ് അമേരിക്ക വേഗപോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും നേടുന്നത്.