ന്യൂഡൽഹി: ഫെബ്രുവരിയിൽ ചൈനയിലെ ബീജിങിൽ ആരംഭിക്കുന്ന വിന്‍റർ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ സ്‌കീയിങ് താരം എംഡി ആരിഫ് ഖാനെ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (ടോപ്‌സ്) കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിന് കായിക മന്ത്രാലയത്തിന്‍റെ മിഷൻ ഒളിമ്പിക് സെൽ (എംഒസി) അംഗീകാരം നൽകി. വിന്‍റർ ഒളിമ്പിക്‌സിൽ സ്ലാലോം, ജയന്‍റ് സ്ലാലോം ഇനങ്ങളിലാണ് ആരിഫ് ഖാൻ പങ്കെടുക്കുന്നത്.
ഒളിമ്പിക്‌സിന് മുന്നോടിയായി യൂറോപ്പിലെ പരിശീലനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ടോപ്‌സിന് കീഴിൽ 17.46 ലക്ഷം രൂപ ഖാന് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഓസ്ട്രിയയിലാണ് താരം പരിശീലനം നടത്തുന്നത്. വിന്‍റർ ഒളിമ്പിക്‌സിനുള്ള യോഗ്യത നേടിയതു മുതൽ ഖാന്‍റെ 35 ദിവസത്തെ യൂറോപ്യൻ പരിശീലന ക്യാമ്പിന് മിഷൻ ഒളിമ്പിക് സെൽ അംഗീകാരം നൽകിയിരുന്നു.
ALSO READ: ഷോട്ട് തെരഞ്ഞെടുക്കേണ്ട രീതിയെക്കുറിച്ച് പന്തുമായി സംസാരിക്കും; രാഹുൽ ദ്രാവിഡ്
2022 വിന്‍റർ ഒളിമ്പിക് ഗെയിംസിൽ ബെർത്ത് ഉറപ്പിക്കുന്ന രാജ്യത്ത് നിന്നുള്ള ആദ്യത്തെ അത്‌ലറ്റാണ് ആരിഫ് ഖാൻ. കൂടാതെ രണ്ട് വ്യത്യസ്ത വിന്‍റർ ഒളിമ്പിക്‌സ് ഇനങ്ങളിൽ നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ഖാനെത്തേടിയെത്തി. 2011-ൽ ഉത്തരാഖണ്ഡിൽ നടന്ന സൗത്ത് ഏഷ്യൻ വിന്‍റർ ഗെയിംസിൽ സ്ലാലോം, ജയന്‍റ് സ്ലാലോം ഇനങ്ങളിൽ രണ്ട് സ്വർണ്ണ മെഡലുകൾ താരം സ്വന്തമാക്കിയിരുന്നു.