ബ്രസീലിയ: ബ്രസീൽ ഫുട്ബോളർ വില്ലിയൻ യൂറോപ്പിലേക്ക് തിരികെ മടങ്ങുന്നു. ബ്രസീലിയൻ ക്ലബ് കൊറിന്ത്യൻസുമായുള്ള കരാര്‍ റദ്ദാക്കിയതായി മുൻ ആർസണല്‍, ചെൽസി താരം അറിയിച്ചു. നിരന്തരമായുള്ള വധഭീഷണികളെത്തുടര്‍ന്നാണ് ക്ലബ് വിടുന്നതെന്ന് 34കാരനായ വില്ലിയൻ വ്യക്തമാക്കി. ആഴ്‌സണലില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് തരം കൊറിന്ത്യൻസിലെത്തിയത്.
വധഭീഷണികള്‍ നേരിടാനല്ല ബ്രസീലിലേക്ക് മടങ്ങിയെത്തിയതെന്ന് താരം പറഞ്ഞു. "ടീം മോശമായി കളിച്ചാലോ, എന്‍റെ പ്രകടനം മോശമായാലോ, കുടുംബത്തിനടക്കം വധഭീഷണിയെത്തുകയും സോഷ്യല്‍ മീഡിയയില്‍ ശപിക്കപ്പെടുകയും ചെയ്യുകയാണ്. ആദ്യം എന്‍റെ ഭാര്യ, പെൺമക്കൾ എന്നിവര്‍ ആക്രമിക്കപ്പെട്ടു.
ഇപ്പോള്‍ അതെന്‍റെ പിതാവ്, സഹോദരി തുടങ്ങിയവരിലേക്കെത്തിയിരിക്കുന്നു. ഞാനും കുടുംബവും ശാപവാക്കുകൾ കേട്ടു മടുത്തിരിക്കുന്നു. ഇതിന് വേണ്ടിയല്ല ഞാൻ ബ്രസീലിലേക്ക് തിരിച്ചുവന്നത്" വില്ലിയൻ പറഞ്ഞു.
കളിക്കളത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ അടുത്തിടെ ചില ആരാധകര്‍ വില്ലിയനെ ആക്രമിച്ചിരുന്നു. രാജ്യത്തെ രണ്ട് പ്രധാന ടൂര്‍ണമെന്‍റില്‍ നിന്നും കൊറിന്ത്യൻസ് പുറത്തായതിന് പിന്നാലെയായിരുന്നു ആക്രമണം. ബ്രസീലിന് വേണ്ടി 70 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വില്ലിയൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഫുൾഹാമിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ് സൂചന.