മുംബൈ: വനിത വാരാഘോഷത്തിന്‍റെ തുടർച്ചയായി വെസ്റ്റേൺ ഇന്ത്യ ഓട്ടോമൊബൈൽ അസോസിയേഷൻ (ഡബ്ല്യുഐഎഎ) സംഘടിപ്പിക്കുന്ന വനിതകളുടെ ‘റാലി ടു ദ വാലി’ ശനിയാഴ്ച നടക്കും. അന്താരാഷ്ട്ര വനിത ദിനത്തിന്‍റെ തുടർച്ചയായി സ്ത്രീ ശാക്തീകരണത്തിന്‍റെയും, സ്ത്രീ സുരക്ഷയുടെയും സന്ദേശം പ്രചരിപ്പിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
''സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം. റോഡുകളിലും പൊതുഗതാഗതത്തിലും, പൊതു സ്ഥലങ്ങളിലും സ്ത്രീ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ശ്രമം നടത്തും. സ്ത്രീകൾക്ക് ഏത് റോളും നിർവഹിക്കാൻ കഴിയും'' ഡബ്ല്യുഐഎഎ എക്‌സിക്യൂട്ടീവ് ചെയർമാൻ നിതിൻ ദോസ പ്രസ്താവനയിൽ പറഞ്ഞു.
മുംബൈയിലെ വേൾഡ് ഡ്രൈവ് ബികെസിയില്‍ നിന്നും രാവിലെ എട്ടിനാണ് വനിത കാർ റാലി ആരംഭിക്കുക. ഡബ്ല്യുഐഎഎയുടെ ജനപ്രിയമായ വാർഷിക ഇവന്‍റിന്‍റെ മുന്‍ പതിപ്പുകളില്‍ സ്ത്രീകളുടെ വലിയ പങ്കാളിത്വമുണ്ടായിരുന്നു.
ഇന്ത്യൻ നേവി, ആർമി, എയർഫോഴ്‌സ്, മഹാരാഷ്ട്ര ഹൈവേ ട്രാഫിക് പൊലീസ്, റീജിയണൽ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും മുംബൈയിൽ നിന്നുള്ളവര്‍ക്കും റാലിയിൽ പങ്കെടുക്കാം.