ന്യൂഡല്‍ഹി : സ്വീഡനില്‍ നടക്കുന്ന ഡയമണ്ട് ലീഗിൽ പങ്കെടുക്കാനാവാത്തതില്‍ നിരാശ പങ്കുവച്ച് ഇന്ത്യയുടെ മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കർ. ഡയമണ്ട് ലീഗിൽ ഒളിമ്പിക് ചാമ്പ്യന്‍ മിൽറ്റിയാഡിസ് ടെന്‍റോഗ്ലുവിനെതിരെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി ശ്രീശങ്കര്‍ പറഞ്ഞു.
വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജൂൺ 30ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടക്കുന്ന ഡയമണ്ട് ലീഗിലെ താരത്തിന്‍റെ പങ്കാളിത്തത്തിന് തിരിച്ചടിയായത്. 'നിർഭാഗ്യവശാൽ, സ്റ്റോക്ക്‌ഹോമിൽ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗിൽ നിന്ന് എനിക്ക് പിന്മാറേണ്ടി വന്നതാണ് വിസ സാഹചര്യം. പ്രത്യേകിച്ച് നിലവിലെ ഒളിമ്പിക് ചാമ്പ്യൻ മിൽറ്റിയാഡിസ് ടെന്‍റോഗ്ലുവിനെതിരെ ആ ഇവന്‍റിൽ മത്സരിക്കാന്‍ എനിക്ക് അതിയായ താൽപ്പര്യമുണ്ടായിരുന്നു.
ജൂലൈയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുമ്പ് ഡയമണ്ട് ലീഗിലെ പങ്കാളിത്തം തീർച്ചയായും എന്നെ ഒരു മികച്ച സ്ഥാനത്ത് എത്തിക്കുമായിരുന്നു. ലോക ചാമ്പ്യൻഷിപ്പിനായി സ്വയം തയ്യാറെടുക്കാൻ എനിക്ക് ഇപ്പോൾ കൂടുതൽ സമയം ലഭിക്കും. പ്രഥമ പരിഗണന കൂടാതെ കോമൺവെൽത്ത് ഗെയിംസിനാണ്' - ശ്രീശങ്കര്‍ പറഞ്ഞു.
ലോക ചാമ്പ്യൻഷിപ്പിൽ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും 23കാരനായ ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു.'എനിക്ക് ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറേണ്ടി വന്നിട്ടും, ഞാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ സ്വന്തം റെക്കോഡ് മെച്ചപ്പെടുത്താനാവുമെന്നതില്‍ എനിക്ക് അങ്ങേയറ്റം ആത്മവിശ്വാസമുണ്ട്.
ഇവന്‍റിൽ പ്രശസ്‌തരായ നിരവധി അത്ലറ്റുകളുണ്ടാകും. എന്നാല്‍ ഏറ്റവും മികച്ചത് നല്‍കാനാണ് എന്‍റെ ശ്രമം' - ശ്രീശങ്കർ പറഞ്ഞു. കഠിനാധ്വാനം ഒരു അത്‌ലറ്റിനെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഗ്രീസ് താരമായ മിൽറ്റിയാഡിസ് ടെന്‍റോഗ്ലുവിനൊപ്പം ഈ വർഷം 8.36 മീറ്റർ പിന്നിടാന്‍ കഴിഞ്ഞുവെന്നത് ഇന്ത്യയുടെ ദേശീയ റെക്കോഡ് ജേതാവ് ശ്രീശങ്കറിന് ഏറെ ആശ്വാസമേകുന്നതാണ്. ഈ മാസം ആദ്യം ഗ്രീസിൽ നടന്ന വെനിസെലിയ - ചാനിയ 2022 അത്‌ലറ്റിക്‌സ് മീറ്റിൽ 7.95 മീറ്റർ ചാടി സ്വർണ മെഡൽ നേടാന്‍ 23 കാരനായ ശ്രീശങ്കറിന് കഴിഞ്ഞിരുന്നു.
അതേസമയം ജൂലൈ 15 മുതല്‍ 24 വരെ ഒറിഗോണിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക. വിസ പ്രോസസിങ്ങിനായി നിലവില്‍ ഡൽഹിയിലെ യുഎസ് എംബസിയിൽ ശ്രീശങ്കറിന്‍റെ പാസ്‌പോർട്ട് തടഞ്ഞുവച്ചിരിക്കുകയാണ്. ഇതോടെയാണ് സ്വീഡനിലേക്കുള്ള താരത്തിന്‍റെ യാത്ര മുടങ്ങിയത്.