കോ സാമുയി : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്‌ൻ വോണിന്‍റെ മരണത്തില്‍ കൂടുതല്‍ പരിശോധനയ്ക്ക് പൊലീസ്. വോണ്‍ താമസിച്ച വില്ലയില്‍ രക്തക്കറ കണ്ടെത്തിയ സാഹചര്യത്തില്‍ സംശയദൂരീകരണത്തിനാണിത്. കിടപ്പുമുറിയുടെ തറയിലും ബാത്ത് ടവ്വലിലുമാണ് ചോര കണ്ടെത്തിയത്. അവധി ആഘോഷിക്കാനും ചികിത്സയ്ക്കുമായി തായ്‌ലാന്‍ഡില്‍ തുടരുന്നതിനിടെയായിരുന്നു താരത്തിന്‍റെ വിയോഗം.
വെള്ളിയാഴ്ച രാത്രിയാണ് വോണിനെ തായ് ഇന്റർനാഷണൽ ഹോസ്പിറ്റലില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് വോണ്‍ മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. അവശ നിലയില്‍ കണ്ടെത്തിയ വോണിന് ഹോട്ടല്‍ ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു.
Also Read: 'ഞങ്ങൾ പരമാവധി ശ്രമിച്ചു'; വോണ്‍ എത്തും മുന്‍പേ മരിച്ചിരുന്നുവെന്ന് ആശുപത്രി
എന്നാല്‍ രക്തക്കറ കണ്ടെത്തിയെന്ന വിവരം പൊലീസിനെ ഉദ്ധരിച്ച് തായ്‌ലാന്‍ഡ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മുറിയിൽ വലിയ അളവിൽ രക്തം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രവിശ്യാ പൊലീസ് കമാൻഡർ സതിത് പോൾപിനിറ്റ് തായ് മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രാഥമിക ശുശ്രൂഷ നല്‍കിയപ്പോള്‍ അദ്ദേഹം ചുമയ്ക്കുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി സുഹൃത്തുക്കളുടെ മൊഴിയുണ്ട്.
വോണ്‍ ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ക്കായി ചികിത്സ നടത്തിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തായ്‌ലാൻഡ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ജനപ്രിയ ദ്വീപായ കോ സാമുയിയിലേക്ക് വോൺ തന്റെ സുഹൃത്തുക്കളോടൊപ്പമാണ് പോയതെന്നും റിപ്പോര്‍ട്ടുണ്ട്.