മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് പിന്നാലെ എഫ്‌എ കപ്പും നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞിരുന്നു. ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാരായത്. വാശിയേറിയ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റി വിജയം പിടിച്ചത്.
ഇപ്പോഴിതാ സിറ്റിക്കായി ആര്‍പ്പുവിളിക്കാന്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുടേയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സ്റ്റേഡിയത്തില്‍ നിന്നുള്ള ഒരു സെല്‍ഫിയുള്‍പ്പെടെയാണ് വൈറലായിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയാണ് കോലിയും അനുഷ്‌കയും ഇംഗ്ലണ്ടിലെത്തിയത്.
സിറ്റിയുടെ നിരവധി താരങ്ങളുമായും ടീമിന്‍റെ മാനേജർ പെപ് ഗാർഡിയോളയുമായും ഹൃദ്യമായ ബന്ധമാണ് വിരാട് കോലിക്കുള്ളത്. മത്സരം കാണാനെത്തിയ വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ ഡയറക്ടർ സെറീന ഗോസ്‌ലിങ്ങുമുണ്ടായിരുന്നു. അതേസമയം ടൂർണമെന്‍റിന്‍റെ 152 വർഷത്തെ ചരിത്രത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേരെത്തിയ ആദ്യ ഫൈനലായിരുന്നുവിത്.
സിറ്റിക്ക് ഏഴാം കിരീടം: മത്സരത്തില്‍ സിറ്റിക്കായി ക്യാപ്റ്റന്‍ ഇകായ് ഗുണ്ടോഗന്‍ ഇരട്ട ഗോളുകളടിച്ചപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ വകയായിരുന്നു യുണൈറ്റഡിന്‍റെ ആശ്വാസഗോള്‍. കളിയുടെ തുടക്കം തന്നെ യുണൈറ്റഡിന് ഞെട്ടലായിരുന്നു. ആദ്യ വിസില്‍ മുഴങ്ങി 13 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ യുണൈറ്റഡിനെ ഒരു ഗോളിന് പിന്നിലാക്കാന്‍ സിറ്റിക്ക് കഴിഞ്ഞു.
ബോക്‌സിന് പുറത്ത് നിന്നുമുള്ള ഗുണ്ടോഗന്‍റെ ഹാള്‍ഫ് വോളി വലകുലുക്കുന്നതിന് സാക്ഷിയാവാന്‍ മാത്രമേ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയയ്‌ക്ക് കഴിഞ്ഞൊള്ളു. എഫ്‌എ കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ പിറന്ന ഗോളാണിത്. തുടര്‍ന്നും ചില അവസരങ്ങള്‍ ലഭിച്ചുവെങ്കിലും സിറ്റിക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. സിറ്റി ബോക്‌സില്‍ ജാക്ക് ഗ്രീലിഷിന്‍റെ കയ്യില്‍ പന്ത് തട്ടിയതിനായിരുന്നു യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഇതോടെ ആദ്യ പകുതി ഇരു ടീമുകളും സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ രണ്ടാം പകുതിയുടെ തടക്കത്തില്‍ തന്നെ ഗുണ്ടോഗന്‍ സമനിലപ്പൂട്ട് തകര്‍ത്തു. ഗ്രൗണ്ടിന്‍റെ വലതുവശത്ത് നിന്നും കെവിന്‍ ഡി ബ്രൂയിനെയെടുത്ത ഫ്രീ കിക്കാണ് 51-ാം മിനിറ്റില്‍ ഗോള്‍ ആയി മാറിയത്. പിന്നീട് ഒപ്പം പിടിക്കാന്‍ യുണൈറ്റഡ് നടത്തിയ ശ്രമങ്ങളൊന്നും ഫലം കണാതെ വന്നതോടെ സിറ്റി വിജയം ഉറപ്പിക്കുകയും ചെയ്‌തു.
എഫ്‌എ കപ്പില്‍ ഇതു ഏഴാം തവണയാണ് മാഞ്ചസ്റ്റര്‍ സിറ്റി ജേതാക്കളാവുന്നത്. ഇനി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്‍റര്‍മിലാനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ സീസണില്‍ ഹാട്രിക്ക് കിരീടം നേടാന്‍ സിറ്റിക്ക് കഴിയും.
ജൂണ്‍ ഏഴ് മുതല്‍ക്ക് ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയെയാണ് രണ്ടാം സ്ഥാനക്കാരായ ഇന്ത്യ നേരിടുക. ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിനിറങ്ങുന്ന ഇന്ത്യ ആദ്യ കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ വിരാട് കോലിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇക്കുറി രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വച്ചാവില്ല ഇറങ്ങുകയെന്നുറപ്പ്.