ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസിന്‍റെ വനിത സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെക്കും അഞ്ചാം സീഡ് താരം ഒൻസ് ജാബ്യൂറും ഏറ്റുമുട്ടും. വനിത സിംഗിള്‍സിലെ ആദ്യ സെമിയില്‍ ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയെയാണ് ഒൻസ് ജാബ്യൂർ തോല്‍പ്പിച്ചത്.
ഒരു മണിക്കൂര്‍ ആറ് മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് അഞ്ചാം സീഡായ ഒൻസിന്‍റെ വിജയം. സ്‌കോര്‍: 6-1, 6-3.
ഇതോടെ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ അഫ്രിക്കന്‍ വനിത താരമാവാനും ടുണീഷ്യയുടെ ഒൻസ് ജാബ്യൂറിന് കഴിഞ്ഞു. കഴിഞ്ഞ വിംബിൾഡണിന്‍റെ ഫൈനലില്‍ പ്രവേശിച്ചും 28 കാരിയായ ഒൻസ് ജാബ്യൂര്‍ റെക്കോഡിട്ടിരുന്നു.
രണ്ടാം സെമിയില്‍ ബെലാറസിൽ നിന്നുള്ള ആറാം സീഡ് താരം അരിന സബലെങ്കയെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് പോളിഷ് താരമായ ഇഗ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ഇഗ പിന്നില്‍ നിന്നും പൊരുതിക്കയറുകയായിരുന്നു. സ്‌കോര്‍: 3-6, 6-1, 6-4. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ഇഗയുടെ കരിയറിലെ ആദ്യ യുഎസ് ഓപ്പൺ ഫൈനലാണിത്.