ലിസ്‌ബന്‍: യുവേഫ നേഷന്‍സ് ലീഗില്‍ മികവ് തുടര്‍ന്ന് പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ബിയില്‍ ചെക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഫെർണാണ്ടോ സാന്‍റോസിന്‍റെ സംഘം ജയിച്ച് കയറിയത്. രണ്ടു ഗോളുകള്‍ക്കും വഴി ഒരുക്കിയ ബെര്‍ണാര്‍ഡോ സില്‍വയുടെ മികവാണ് പോര്‍ച്ചുഗലിന് തുണയായത്.
യോവോ കാന്‍സെലോ, ഗോണ്‍സാലോ ഗുയിഡസ് എന്നിവരാണ് പോര്‍ച്ചുഗീസുകാര്‍ക്കായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് പോര്‍ച്ചുഗലിന്‍റെ പട്ടിയിലെ രണ്ട് ഗോളുകളും പിറന്നത്. 33ാം മിനിട്ടില്‍ കാന്‍സെലോയാണ് ആദ്യം ലക്ഷ്യം കണ്ടത്. 38ാം മിനിട്ടിലായിരുന്നു ഗുയിഡസിന്‍റെ ഗോള്‍ നേട്ടം.
മത്സരത്തിന്‍റെ 64 ശതമാനവും പന്ത് കൈവശം വെച്ച പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തി. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഏഴ് പോയിന്‍റുമായി പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയുമാണ് സംഘത്തിനുള്ളത്.
അതേസമയം മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ് ചെക്ക് റിപ്പബ്ലിക്. ഒരോവിതം ജയം, സമനില, തോല്‍വി എന്നിവയാണ് സംഘത്തിന്‍റെ പട്ടികയില്‍.