ബ്രസല്‍സ് (ബെല്‍ജിയം): യുവേഫ യൂറോപ്പ ലീഗ് (UEFA Europa League) ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലിവര്‍പൂളിന് തോല്‍വി. ബെല്‍ജിയന്‍ ക്ലബായ യൂണിയന്‍ സെയ്‌ന്‍റ് ഗില്ലോയ്‌സാണ് (Union Saint Gilloise) ഇംഗ്ലീഷ് വമ്പന്മാരെ പരാജയപ്പെടുത്തിയത്. ലിവര്‍പൂളിന്‍റെ യുവതാരനിര അണിനിരന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുഎസ്‌ജി (USG).
മുഹമ്മദ് അമൗറ (Mohammed Amoura) കാമറൂണ്‍ പ്യൂട്ടസ് (Cameron Puertas) എന്നിവരാണ് ആതിഥേയരായ യൂണിയന്‍ സെയ്‌ന്‍റ് ഗില്ലോയ്‌സിനായി ഗോള്‍ നേടിയത്. ജാരെൽ അമോറിൻ ക്വാൻസ (Jarell Amorin Quansah) ആയിരുന്നു ലിവര്‍പൂളിന്‍റെ ഗോള്‍ സ്കോറര്‍. ആദ്യ പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളും പിറന്നത്.
ലോട്ടോ പാര്‍ക്കില്‍ പന്ത് കൈവശം വച്ച് കളിച്ചത് ലിവര്‍പൂള്‍ ആയിരുന്നെങ്കിലും ആക്രമണങ്ങള്‍ കൂടുതലും നടത്തിയത് ആതിഥേരായിരുന്നു. 31 ശതമാനം മാത്രം ബോള്‍ പൊസഷനില്‍ പന്ത് തട്ടിയ യുഎസ്‌ജി ആകെ 15 ഷോട്ടുകളാണ് ലിവര്‍പൂള്‍ ഗോള്‍മുഖത്തേക്ക് പായിച്ചത്. അതില്‍ ആറ് ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ് ആയതില്‍ രണ്ടെണ്ണമാണ് ഗോളായി മാറിയത്.
32-ാം മിനിറ്റിലായിരുന്നു യുഎസ്‌ജി മത്സരത്തില്‍ ആദ്യം ലീഡ് നേടുന്നത്. മുഹമ്മദ് അമൗറയാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ തന്നെ ലിവര്‍പൂള്‍ യുഎസ്‌ജിയ്‌ക്കൊപ്പം പിടിച്ചു.
39-ാം മിനിറ്റിലാണ് ജാരെൽ അമോറിൻ ക്വാൻസയിലൂടെ ലിവര്‍പൂള്‍ സമനില ഗോള്‍ നേടിയത്. ആ ഗോളില്‍ ലിവര്‍പൂളിന് ആശ്വാസം കണ്ടെത്താന്‍ അധികം സമയം ലഭിച്ചിരുന്നില്ല. 43-ാം മിനിറ്റില്‍ കാമറൂണ്‍ പ്യൂട്ടസിലൂടെ ആതിഥേയര്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഇതോടെ മത്സരത്തിന്‍റെ ഒന്നാം പകുതി 2-1 എന്ന സ്കോറിനാണ് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. മറുവശത്ത്, യുഎസ്‌ജി ഓരോ നീക്കങ്ങളിലൂടെയും ലിവര്‍പൂളിനെ വിറപ്പിച്ചുകൊണ്ടേയിരുന്നു. 62-ാം മിനിറ്റില്‍ പ്യൂട്ടസ് വീണ്ടും ലക്ഷ്യം കണ്ടെങ്കിലും വാര്‍ (VAR) പരിശോധനയില്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ലിവര്‍പൂള്‍ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, മത്സരം പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ലിവര്‍പൂളിനായി. ആദ്യ ഘട്ടത്തില്‍ ആറ് മത്സരം കളിച്ച ലിവര്‍പൂള്‍ നാല് ജയത്തോടെ 12 പോയിന്‍റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
Also Read : അട്ടിമറികളില്ല, വമ്പ് കാട്ടി വമ്പൻമാർ... ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറില്‍ ആരെല്ലാമെന്നറിയാം...