ഓൾഡ് ട്രഫോർഡ്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഹാട്രിക് ജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. സൈപ്രസ് ക്ലബ്ബ് ഒമോനിയയാണ് എതിരാളികൾ. ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സനല്‍, ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമ ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്.
നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. നിര്‍ണായക മത്സരത്തില്‍ പരിക്കാണ് പരിശീലകന്‍ എറിക് ടെൻഹാഗിനെ വലയ്ക്കുന്നത്. ആന്‍റണി മാർഷ്യൽ, വാൻബിസാക, മഗ്വെയർ, വാൻഡി ബീക്, ഫിൽ ജോൺസ് എന്നീ താരങ്ങളെല്ലാം നിലവില്‍ പരിക്കിന്‍റെ പിടിയിലാണ്.
ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി 700 ഗോള്‍ എന്ന നേട്ടം പിന്നിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനവും ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ബ്രസീലിയൻ താരം ആന്‍റണിയുടെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമാകും.
ജൈത്രയാത്ര തുടരുന്ന ആഴ്‌സനലിന് ബോഡോ ഗ്ലിമ്റ്റാണ് ഇന്നത്തെ മത്സരത്തില്‍ എതിരാളികൾ. ഗ്രൂപ്പിൽ മുന്നിലുള്ള റയൽ ബെറ്റിസിനെയാണ് ഇറ്റാലിയൻ വമ്പന്മാരായ എഎസ് റോമ നേരിടുന്നത്.