മലപ്പുറം: പാലായില്‍ ഹാമർ തലയില്‍ വീണ് വിദ്യാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിലെ ശേഷിച്ച ദിവസങ്ങളിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് മീറ്റിന് വേദി ഒരുക്കുക. കഴിഞ്ഞ വർഷം ഒക്‌ടോബർ ആദ്യം പാലായില്‍ മീറ്റ് നടക്കുമ്പോഴായിരുന്നു അപകടം. മീറ്റിലെ വളണ്ടിയറായ വിദ്യാർഥിയുടെ തലയില്‍ ഹാമർ വീണു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാല സെന്റ് തോമസ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീല്‍ ജോണ്‍സണ്‍ പിന്നീട് ഒക്‌ടോബർ 21-ന് ലോകത്തോട് വിട പറഞ്ഞു. അഫീലിന്‍റെ ഓർമ്മയിലാണ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുക.
മീറ്റിലെ ശേഷിക്കുന്ന മൂന്ന് ദിവസത്തെ മത്സരങ്ങൾക്കാണ് നാളെ തുടക്കമാവുക. ഉച്ചയ്ക്ക് ശേഷം 2.30-ന് അണ്ടർ 16 ആണ്‍കുട്ടികളുടെ ജാവലിൻ മത്സരത്തോടെയാണ് മീറ്റ് ആരംഭിക്കുക. തുടർന്ന് അണ്ടർ-16 വിഭാഗത്തിലെ ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3000 മീറ്റർ ഓട്ടമത്സരം, ജൂനിയർ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 10000 മീറ്റർ, 10000 മീറ്റർ റേസ് വോക്ക് തുടങ്ങിയ ഇനങ്ങളും ആദ്യ ദിനത്തിൽ നടക്കും. മീറ്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ. വിപി സക്കീർ ഹുസൈൻ പറഞ്ഞു.
പാലായിലെ മീറ്റിന്റെ തുടർച്ചയായതിനാൽ അവിടെ രജിസ്റ്റർ ചെയ്‌ത കായിക താരങ്ങൾക്ക് മാത്രമെ മീറ്റില്‍ പങ്കെടുക്കാൻ അർഹതയുണ്ടാകൂ. എന്നാൽ പാലായിൽ നടന്ന ആദ്യ ദിവസത്തെ മത്സരത്തിന്‍റെ ഫലം നിലനിൽക്കും. പ്രാഥമിക റൗണ്ടിൽ യോഗ്യത നേടിയവർ മാത്രം അടുത്ത റൗണ്ടിലെ മത്സരത്തിനായി എത്തിയാൽ മതിയെന്നാണ് നിർദേശം. പാലായിൽ മത്സരത്തിനായി നൽകിയ ചെസ്റ്റ് നമ്പർ തന്നെ തുടരും. ചെസ്റ്റ് നഷ്‌ടപെട്ടവർക്ക് പകരം നമ്പർ നൽകും. എന്നാൽ നമ്പറിൽ മാറ്റമുണ്ടാവില്ല. 2020 ഏപ്രിലിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിന്റെ സെലക്ഷന് സംസ്ഥാന ജൂനിയർ മീറ്റിലെ പ്രകടനം പരിഗണിക്കുമെന്നും സംഘാടകർ അറിയിച്ചു.