ടോക്കിയോ: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ (ഐഎഎ) പ്രതിഷേധത്തില്‍ നിലപാടറിയച്ച് ടോക്കിയോ ഒളിമ്പിക്സ് സംഘാടകര്‍. ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ജാപ്പനീസ് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഐഎഎ അയച്ച കത്തിനാണ് സംഘാടകര്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഗെയിംസ് വില്ലേജിനുള്ളിൽ ഇന്ത്യൻ അത്‌ലറ്റുകൾക്ക് സുരക്ഷിതമായ താമസവും തടസമില്ലാത്ത പരിശീലനവും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഐഎഎയ്ക്ക് സംഘാടകർ നല്‍കിയ മറുപടിയില്‍ പറയുന്നു. ജപ്പാനിലെത്തിയത് മുതല്‍ക്ക് തുടര്‍ച്ചയായി ഇന്ത്യന്‍ അത്‌ലറ്റുകളും ഒഫീഷ്യലുകളും ഒരാഴ്ചത്തേക്ക് കൊവിഡ് ടെസ്റ്റിന് വിധേയരാവണം.
മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവരുമായി ഇടപഴുകരുത്. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമേ താരങ്ങൾക്ക് ഗെയിംസ് വില്ലേജിൽ പ്രവേശിക്കാവൂ തുടങ്ങിയ നിയന്ത്രണള്‍ക്കെതിരെയാണ് ഐഎഎ പ്രസിഡന്‍റ് നരീന്ദർ ബാത്ര, സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവര്‍ കത്തെഴുതിയിരുന്നത്.
also read: ഒളിമ്പിക്സ്: കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ
സംഘാടകരുടെ നിലപാട് ശരിയല്ലെന്നും വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടിയ കത്തില്‍ നിയന്ത്രണങ്ങള്‍ താരങ്ങളുടെ പരിശീലനം, ഭക്ഷണക്രമം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഐഎഎ ആശങ്ക അറിയിച്ചിരുന്നു. അതേസമയം കൊവിഡിന്‍റെ വ്യത്യസ്ത വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 11 രാജ്യങ്ങളിലുള്ള കായിക താരങ്ങള്‍ക്കും ഓഫീഷ്യലുകള്‍ക്കുമാണ് പ്രത്യേക നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, മാൽദീവ്സ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരാണ് ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് ഒന്നിലുള്ള മറ്റ് രാജ്യങ്ങള്‍.