വില്ലിങ്‌ടണ്‍: ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡർ അത്‌ലറ്റ് നാമനിര്‍ദ്ദേശം ന്യൂസിലന്‍ഡില്‍ നിന്നും. ഭാരദ്വഹന വിഭാഗത്തില്‍ ലോറല്‍ ഹബഡാണ് കിവീസിന് വേണ്ടി ടോക്കിയോ ഗെയിംസില്‍ മത്സരിക്കുക. അടുത്ത മാസം 23നാണ് ഗെയിംസ്. 43 വയസുള്ള ഹെബഡ് ഒരു പതിറ്റാണ്ട് മുമ്പ് ശസ്‌ത്രക്രിയയിലൂടെയാണ് സ്‌ത്രീ ആയത്. കായിക രംഗത്തെ ലിംഗസമത്വം വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്ന് ന്യൂസിലന്‍ഡ് ഒളിമ്പിക് കമ്മിറ്റി ചീഫ് കെറിന്‍ സ്‌മിത്ത് പറഞ്ഞു.
സ്‌ത്രീകളുടെ 87+ കിലോ വിഭാഗത്തിലാകും ഹബഡ് മത്സരിക്കുക. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരിശോധനയില്‍ ടെസ്റ്റോ സ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉത്‌പാദനം അനുവദനീയമായതിലും കുറഞ്ഞ അളവിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹബഡിന് സ്‌ത്രീകളുടെ വിഭാഗത്തില്‍ യോഗ്യത നേടാനായത്. നേരത്തെ പുരുഷ വിഭാഗത്തിലും യോഗ്യത നേടിയിരുന്നു.
Also Read: ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയില്‍ വെര്‍സ്‌തപ്പാന് ജയം; ഹാമില്‍ട്ടണ്‍ രണ്ടാമത്
ടെസ്റ്റോ സ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉത്‌പാദനം ഒരു ലിറ്ററില്‍ 10 നാനോമോളില്‍ താഴെയാണെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വനിതാ വിഭാഗത്തില്‍ മത്സരിക്കാനാകും. പക്ഷെ ഈ നീക്കത്തിനെതിരെ ഇതിനകം വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. ഇത് അനീതിയാണെന്നാണ് പ്രധാന ആരോപണം. ട്രാന്‍സ്‌വുമണ്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജന്മനാ സ്‌ത്രീകളായവരെക്കാള്‍ കായിക രംഗത്ത് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.