ക്വാലാലംപൂര്‍: തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പുരുഷ ടീം. നിര്‍ണ്ണായക മത്സരത്തിൽ മലയാളി താരം എച്ച് എസ് പ്രണോയ് വിജയം നേടിയ ആവേശജയത്തിന്‍റെ കരുത്തില്‍ മലേഷ്യയെ 3-2ന് തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ 1979നുശേഷം ആദ്യമായി സെമിയിലെത്തിയത്.
2-2 സമനിലയില്‍ നിന്ന് പോരാട്ടത്തിനുശേഷം നിര്‍ണായക പോരാട്ടത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ലിയോങ് ജുന്നിനെ തോല്‍പ്പിച്ചതാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ നിര്‍ണായകമായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ വിജയം. സ്കോര്‍ 21-3, 21-18. തോമസ് കപ്പില്‍ ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിട്ടില്ല.
2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. യൂബര്‍ കപ്പില്‍ പി വി സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തില്‍ തോമസ് കപ്പില്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ ചരിത്രനേട്ടം.
ആദ്യ മത്സരത്തിനിറങ്ങിയ ലക്ഷ്യ സെന്നിന് പരാജയം ആയിരുന്നു ഫലം. ഇതുവരെ സി ജിയയോട് തോറ്റിട്ടില്ലാത്ത ലക്ഷ്യ ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമില്‍ പോരാട്ടമില്ലാതെയായിരുന്നു കീഴടങ്ങിയത്. സ്കോര്‍ 23-21, 21-9.
അടുത്ത മത്സരത്തിൽ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി സഖ്യം തങ്ങളുടെ മത്സരം വിജയിച്ച് ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ടു വന്നു. അടുത്ത സിംഗിള്‍സിൽ ശ്രീകാന്ത് കിഡംബിയും അനായാസ വിജയം നേടിയപ്പോള്‍ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി. 21-11, 21-17 സ്‌കോറിനാണ് യങ് സെ എന്‍ജിയെ ശ്രീകാന്ത് മറികടന്നത്.
രണ്ടാം ഡബിള്‍സിൽ കൃഷ്‌ണ പ്രസാദ് ഗാരാഗ – വിഷ്‌ണുവര്‍ദ്ധന്‍ ഗൗഡ പഞ്ചാല കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ മത്സരം ഏറെ നിര്‍ണ്ണായകമായ മൂന്നാം സിംഗിള്‍സിലേക്ക് നീങ്ങി. ഈ നിര്‍ണ്ണായക മത്സരത്തിൽ പ്രണോയ് 21-13, 21-8 എന്ന സ്കോറിന് ആധിപത്യം പുലര്‍ത്തിയപ്പോള്‍ വിജയവും സെമിയും ഇന്ത്യയ്ക്ക് ഒപ്പം നിന്നു. വെറും 30 മിനിറ്റിലാണ് പ്രണോയ് ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്.