നേപിൾസ്: 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സിരി എ കിരീടത്തിലേക്കുള്ള കുതിപ്പിലാണ് നാപോളി. കൃത്യമായി പറഞ്ഞാൽ അർജന്‍റൈൻ ഇതിഹാസം ഡീഗോ മറഡോണ ക്ലബ് വിട്ടതിന് ശേഷമുള്ള ആദ്യ ലീഗ് കിരീടവുമാണ് പരിശീലകൻ ലുസിയാനോ സ്പെല്ലെറ്റിയും സംഘവും ലക്ഷ്യമിടുന്നത്. 96 വർഷത്തെ ക്ലബ് ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നാപോളി ഇറ്റാലിയൻ ലീഗ് കിരീടം ചൂടിയിട്ടുള്ളത്. 1986-87, 1989-90 സീസണുകളിലായിരുന്നു കിരീടധാരണം.
ലീഗിൽ 27 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് നാപോളി പരാജയമറിഞ്ഞിട്ടുള്ളത്. നാപോളിയുടെ ഈ സ്വപ്‌നക്കുതിപ്പ് അവിസ്‌മരണിയീവും എല്ലാവരെയും മോഹിപ്പിക്കുന്നതുമാണ്. ലീഗിൽ രണ്ടാമതുള്ള ലാസിയോയെക്കാൾ 19 പോയിന്‍റ് വ്യത്യാസത്തിൽ 71 പോയിന്‍റുമായി ബഹുദൂരം മുന്നിലാണ് നാപോളി.
അർജന്‍റൈൻ ഇതിഹാസം ഡീഗോ മറഡോണയാണ് നാപോളി എന്ന ക്ലബിനെ ചരിത്ര പുസ്‌കത്താളുകളിൽ എഴുതിച്ചേർക്കുന്നത്. രണ്ട് തവണ ലീഗ് കിരിടം നേടിയ നാപോളി നിലവിലെ യുറോപ ലീഗിന്‍റെ മുൻരൂപമായിരുന്ന യുവേഫ സൂപ്പർ കപ്പും നേടിയിരുന്നു. മറഡോണയുടെ വരവ് ശരിക്കും നാപോളിക്ക് ഒരു സുവർണ കാലഘട്ടമായിരുന്നുവെന്ന് തന്നെ പറയാം... 2020 ഡിസംബർ 4-ന്, മറഡോണയുടെ മരണത്തിന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം, നാപോളിയുടെ ഹോം സ്റ്റേഡിയം 'സ്റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതുപോലെ നാപോളിയുടെ 10 നമ്പർ ജേഴ്‌സിയും റിസർവ് ചെയ്‌തിരിക്കുകയാണ്.
1984 ജൂലൈ 5-നാണ് നാപോളി താരമായി മറഡോണയെ ലോക മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. മറഡോണയുടെ വരവിന് മുമ്പ്, ഇറ്റാലിയൻ ഫുട്ബോളിൽ ആധിപത്യം പുലർത്തിയിരുന്നത് രാജ്യത്തിന്‍റെ വടക്കും മധ്യഭാഗത്തുമുള്ള എ സി മിലാൻ, യുവന്‍റ്സ്, ഇന്‍റർ മിലാൻ, എഎസ് റോമ തുടങ്ങിയ ടീമുകളായിരുന്നു, ഇറ്റാലിയുടെ തെക്ക് ഭാഗത്ത് ഒരു ടീമും ലീഗ് കിരീടം നേടിയിരുന്നില്ല.
മറഡോണയുടെ കീഴിൽ നാപോളി 1986-87ൽ തങ്ങളുടെ ആദ്യ സീരി എ ഇറ്റാലിയൻ ചാമ്പ്യൻഷിപ്പ് നേടി ചരിത്രം തിരുത്തിക്കുറിച്ചു. 1989-90ൽ നാപോളി തങ്ങളുടെ രണ്ടാം ലീഗ് കിരീടം നേടുകയും 1987-88, 1988-89 വർഷങ്ങളിൽ ലീഗിൽ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്‌തു. നാപോളിക്കായി 188 മത്സരങ്ങളിൽ 115 ഗോളുകളാണ് മറഡോണ നേടിയത്. 2017 മരിയോ ഹാംസിക് മറികടക്കുന്നതുവരെ 115 ഗോളുകളുമായി നാപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായിരുന്നു.
രാശി തെളിഞ്ഞത് ലൂസിയാനോ സ്പെല്ലെറ്റിയുടെ വരവോടെ: നാപോളിയുടെ പുതുയുഗ പിറവിയെന്ന് പറയുന്നത് നിലവിലെ പരിശീലകനായ ലൂസിയാനോ സ്പെല്ലെറ്റി ടീമിന്‍റെ ചുമതലയേറ്റെടുക്കുന്നതോടെയാണ്. 2021 ലാണ് സ്പെല്ലെറ്റി പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളായിരുന്ന ലോറൻസേ ഇൻസിഗ്നെ, പ്രതിരോധത്തിലെ വിശ്വസ്ഥനായിരുന്ന കാലിദൗ കോലിബാലി, മെർട്ടൻസ് തുടങ്ങിയവരെല്ലാം ടീം വിട്ടെങ്കിലും കൃത്യമായ പകരക്കാരെ കണ്ടെത്തിയാണ് ടീം മികച്ച രീതിയിൽ മുന്നേറുന്നത്.
പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്കോടെ കിരീടപ്പോരിൽ പലരും നാപോളിയെ എഴുതിത്തള്ളിയെങ്കിലും ടീമിനെ ഈ നിലവാരത്തിലേക്ക് എത്തിക്കുന്നതിന്‍റെ പ്രധാന പങ്ക് പരിശീലകൻ സ്പെല്ലെറ്റിക്ക് തന്നെയാണ്. കൃത്യമായ ട്രാൻസ്‌ഫറുകളിലൂടെയാണ് സ്പെല്ലെറ്റി ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടത്.
പ്രതിരോധത്തിൽ നിന്നും ആക്രമണ ഫുട്‌ബോളിലേക്ക്; പരമ്പരാഗതമായി പ്രതിരോധത്തിലൂന്നിയുള്ള ഇറ്റാലിയൻ കളി ശൈലിയിൽ നിന്നും വ്യത്യസ്‌തമായി ആക്രമണ ഫുട്‌ബോളിനാണ് സ്പെല്ലെറ്റി മുൻഗണന നൽകുന്നത്. പന്ത് കൈവശം വെച്ച് എതിരാളികളെ നിർദയം ആക്രമിക്കുന്ന തരത്തിലുള്ള ശൈലിയിലേക്കാണ് ടീമിനെ എത്തിച്ചത്. ഈ ആക്രമണ ഫുട്‌ബോൾ എത്രത്തോളമെന്ന് മനസിലാക്കാൻ ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ട നോക്കിയാൽ മാത്രം മതി. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിൽ നിന്നും 20 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
മുന്നേറ്റത്തിലെ ത്രിമൂർത്തികൾ: മുന്നേറ്റ നിരയുടെ മികവിലാണ് നാപോളിയുടെ സ്വപ്‌നക്കുതിപ്പ് എന്ന് തന്നെ പറയാം. നൈജീരിയൻ താരം വിക്‌ടർ ഒസിമെൻ, ജോർജിയയുടെ ക്വിച്ച ക്വരാറ്റ്സ്ഖേലിയ, ഇറ്റാലിയൻ താരം മാറ്റിയോ പൊളിറ്റാനോ എന്നിവരാണ് മുന്നേറ്റം നയിക്കുന്നത്. ഇതിൽ തന്നെ വിക്‌ടർ ഒസിമെന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ലീഗിൽ 23 മത്സരങ്ങളിൽ നിന്നും 21 ഗോളുകളുമായി മികച്ച ഫോമിലാണ് ഒസിമെൻ.
ക്വരാറ്റ്സ്ഖേലിയയുടെ ഫോമും ടീമിന് ഗുണം ചെയ്യുന്നുണ്ട്. ജോർജിയൻ ക്ലബായ ഡൈനാമോ ബാറ്റുമിയിൽ നിന്നാണ് ക്വരാറ്റ്സ്ഖേലിയ നാപളിയിലെത്തുന്നത്. ആദ്യ സീസണിൽ തന്നെ സമ്മർദങ്ങളില്ലാതെ കളിച്ച താരം ടീമിൽ ഇടമുറപ്പിച്ചു. ലീഗിൽ 23 മത്സരങ്ങൾ കളിച്ച ക്വിച്ച ഇതുവരെ 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
വമ്പൻ ടീമുകളെല്ലാം ഭയക്കുന്ന തരത്തിലുള്ള മുന്നേറ്റ നിരയായി മാറിയിരിക്കുകയാണ് ഇ ട്രിയോ... സ്ഥിരതായർന്ന പ്രകടനമാണ് ഇവരുടെ പ്രത്യേകത. ഈ താരങ്ങൾ തമ്മിലുള്ള ഏകോപനം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതാണ് നപോളിയുടെ വിജയത്തിന്‍റെ രഹസ്യം.