ബാസല്‍ : സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്നു. പരിക്കുമൂലം ഏകദേശം ഒരു വര്‍ഷത്തോളമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം സെപ്തംബറില്‍ നടക്കുന്ന ലേവര്‍ കപ്പിലൂടെയാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടുണ്ട്.
ബേസലിലും (സ്വിസ് ടൂര്‍ണമെന്‍റ്) കളിക്കാനിറങ്ങുമെന്ന് താരം വ്യക്തമാക്കി. എന്നാല്‍ തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫെഡറര്‍ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ വിംബിൾഡണ്‍ ക്വാർട്ടറില്‍ താരം തോറ്റിരുന്നു. വരുന്ന ഓഗസ്റ്റില്‍ അദ്ദേഹത്തിന് 41 വയസ് തികയും.
അടുത്ത വർഷം എടിപി ടൂറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും ഫെഡറര്‍ വ്യക്തമാക്കി. 'ലേവർ കപ്പിനും, ബേസലിനും അപ്പുറം മറ്റ് തീരുമാനങ്ങള്‍ ഞാന്‍ എടുത്തിട്ടില്ല. ബേസലിന് ശേഷം സീസൺ എന്തായാലും കഴിഞ്ഞു.
മുഴുവനായി പരിശീലനമാരംഭിക്കാന്‍, വീണ്ടും ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടത് പ്രധാനമാണ്. അത് ചെയ്‌ത് കഴിഞ്ഞാല്‍ എവിടെയാണ് മറ്റ് മത്സരങ്ങള്‍ കളിക്കുകയെന്നത് എനിക്ക് തിരഞ്ഞെടുക്കാം'. ഫെഡറര്‍ വ്യക്തമാക്കി.
20 ഗ്രാന്‍സ്ലാം കിരീടങ്ങളുയര്‍ത്തിയ താരം കഴിഞ്ഞ 18 മാസത്തിനിടെ മൂന്ന് തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഏതാനും ആഴ്‌ചകള്‍ക്കകം പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാന്‍ സാധിക്കുമെന്നും ഫെഡറര്‍ വ്യക്തമാക്കി.