മെക്‌സിക്കോ സിറ്റി: മോണ്ടെറി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റഷ്യയുടെ അനസ്താസിയ പൊട്ടപ്പോവയ്‌ക്കെതിരെ യുക്രൈന്‍റെ എലീന സ്വിറ്റോലിനയ്‌ക്ക് ജയം. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് യുക്രൈന്‍ താരം റഷ്യന്‍ താരത്തെ കീഴടക്കിയത്.
അനസ്താസിയയ്‌ക്കെതിരെ 64 മിനിട്ടുകള്‍ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ 6-2, 6-1എന്ന സ്‌കോറിനാണ് എലീന സ്വിറ്റോലിന ജയം പിടിച്ചത്. വിജയം വളരെയധികം പ്രത്യേകതയുള്ളതാണെന്ന് എലീന പറഞ്ഞു.
''ഞാൻ വളരെ സങ്കടകരമായ മാനസികാവസ്ഥയിലാണ്, പക്ഷേ ഇവിടെ ടെന്നീസ് കളിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ എന്‍റെ രാജ്യത്തിന് വേണ്ടി ഒരു ദൗത്യത്തിലായിരുന്നു, അതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു'' എലീന പറഞ്ഞു.
ടൂര്‍ണമെന്‍റില്‍ തനിക്ക് ലഭിക്കുന്ന സമ്മാനത്തുക യുക്രൈന്‍ സൈന്യത്തിനായി സംഭാവന ചെയ്യുമെന്നും താരം വ്യക്തമാക്കി. 31,000 ഡോളറാണ് മോണ്ടെറി ഓപ്പൺ ചാമ്പ്യന് ലഭിക്കുക. 2020ല്‍ ടൂര്‍ണമെന്‍റില്‍ വിജയിക്കാന്‍ എലീനയ്‌ക്കായിരുന്നു.
അതേസമയം റഷ്യന്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കാനില്ലെന്ന് നേരത്തെ എലീന സ്വിറ്റോലിന പറഞ്ഞിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ശിപാർശ പ്രകാരം റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള കളിക്കാരെ നിഷ്പക്ഷ അത്‌ലറ്റുകളാക്കണമെന്നും 27കാരിയായ താരം ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളിലെയും കളിക്കാരെ നിഷ്പക്ഷ അത്‌ലറ്റുകളായി മാത്രമേ പരിഗണിക്കൂവെന്ന് എടിപിയും വുമണ്‍ ടെന്നീസ് അസോസിയേഷനും നിലപാടെടുത്തതോടെയാണ് എലീന സ്വിറ്റോലിന മത്സരത്തിനിറങ്ങിയത്.