ഹൈദരാബാദ്: മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കാനായാല്‍ ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ ലോങ്ജംപ് താരം മുരളി ശ്രീശങ്കര്‍. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് 22കാരനായ കേരള താരം ഇക്കാര്യം പറഞ്ഞത്. വിദേശത്ത് പരിശീലനം നടത്താനാവാത്തത് പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും താരം പറഞ്ഞു.
"എല്ലാം ആസൂത്രണം ചെയ്തതുപോലെ നടക്കുകയാണെങ്കില്‍, ടോക്കിയോയിൽ എന്‍റെ ദേശീയ റെക്കോർഡ് മികച്ചതാക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആദ്യ നാല് സ്ഥാനങ്ങളാണ് ഞാൻ ലക്ഷ്യമിടുന്നത്. ഒരു മെഡൽ നേടാൻ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. നിലവിലെ എന്‍റെ പ്രകനത്തേക്കാള്‍ മികച്ച ദൂരം കണ്ടെത്താനായാല്‍ തീര്‍ച്ചയായും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്" ശ്രീശങ്കര്‍ പറഞ്ഞു.
also read: നിർഭയമായി കളിക്കാനാണ് കോലിയുടെ നിര്‍ദേശം: ശുഭ്മാന്‍ ഗില്‍
ശ്രീശങ്കറിനെപ്പോലുള്ള ഇന്ത്യൻ അത്‌ലറ്റുകൾ വലിയ കായിക മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിനായി യൂറോപ്പിനെയാണ് സാധാരണ തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള കാരണത്താല്‍ താരത്തിന്‍റെ ഇത്തരം മുന്നൊരുക്കങ്ങള്‍ക്ക് തിരിച്ചടിയാണ്. എന്നാല്‍ മറ്റെന്തെങ്കിലും വഴി തുറക്കുമെന്ന് വിശ്വസിക്കുന്നതായി താരം പറഞ്ഞു.
'ടോക്കിയോ ഗെയിംസിന് മുന്നോടിയായി മത്സരങ്ങൾ ശരിക്കും ആവശ്യമാണ്, വിമാനങ്ങള്‍ റദ്ദാക്കിയതിനാൽ ഈ വർഷം അത് സംഭവിക്കില്ലെന്ന് ഞാൻ ആശങ്കപ്പെടുന്നു. എന്നാൽ മറ്റൊരു വഴി ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ശ്രീശങ്കര്‍ പറഞ്ഞു. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലാണ് ത്രിപ്പിള്‍ ജംപ് മുന്‍താരം കൂടിയായ അച്ഛനൊപ്പം താരം പരിശീലനം നടത്തുന്നത്.
also read: 'കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം'; ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നല്‍കി പാണ്ഡ്യ സഹോരന്മാര്‍
അതേസമയം പരിക്കും കൊവിഡുമടക്കമുള്ള കാരണങ്ങളാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മത്സര രംഗത്ത് നിന്നും ശ്രീശങ്കറിന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ ഗ്രാന്‍റ് പ്രിക്സിലൂടെയാണ് താരം തിരിച്ചെത്തിയത്. തുടര്‍ന്ന് നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 8.26 മീറ്റർ ദൂരം കണ്ടെത്താനും ദേശീയ ചാമ്പ്യനായി. 8.20 മീറ്ററെന്ന തന്‍റെ തന്നെ ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഈ പ്രകടനത്തിലൂടെയാണ് ശ്രീശങ്കർ ടോക്കിയോക്ക് ടിക്കറ്റെടുത്തത്. 8.22 മീറ്ററായിരുന്ന ഒളിമ്പിക് യോഗ്യതാ മാർക്ക്.