ദുബായ് : ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഏറെ ആരാധകരുള്ള താരദമ്പതികളാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ഷൊയിബും സാനിയയും തമ്മിലുള്ള ബന്ധം വഷളായതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്‌തിരുന്നത്.
ജിയോ ടിവിയുമായുള്ള അഭിമുഖത്തിലാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളെക്കുറിച്ച് ഷൊയ്ബ് ഒടുവിൽ തുറന്നുപറഞ്ഞത്. ഭാര്യ സാനിയ മിർസയുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് അവതാരകന്‍റെ ചോദ്യത്തോടായിരുന്നു മറുപടി. റിപ്പോർട്ടുകൾ നിഷേധിച്ച ഷൊയ്ബ്, തങ്ങളുടെ ദാമ്പത്യം ഇപ്പോഴും ശക്തമാണെന്ന് പറഞ്ഞു. അഭിമുഖത്തിൽ സാനിയയെ ‘ഭാര്യ’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്‌തത്.
ഇതിന് മറുപടിയായി പാക് താരത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'അതിൽ ഒന്നുമില്ല. ഈദ് ദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ അത് കൂടുതൽ മഹത്തരമായേനേ. എന്നാൽ അവൾക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട ഷോകൾ ചെയ്യുന്നതിന്‍റെ ചുമതലയുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ഇല്ലാത്തത്. ഞങ്ങൾ എല്ലാ സമയത്തെയും പോലെ ഇപ്പോഴും സ്നേഹം പങ്കിടുന്നു. ഞാൻ അവളെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് എനിക്ക് പറയാനാകും' -ഷൊയ്ബ് മാലിക് പറഞ്ഞു.
'ഞങ്ങൾ വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവരുടേതായ പ്രതിബദ്ധതയുണ്ടെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. എന്നാൽ ഈദ് നിങ്ങളോട് അടുപ്പമുള്ള ഒരുപാട് ആളുകളെ മിസ് ചെയ്യുന്ന ദിവസമാണ്. ഇരുവരും ഇത്തരം അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കുന്നില്ല. അതുകൊണ്ടാണ് ഞാനോ അവളോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്‌താവന ഇറക്കാത്തത്' -മാലിക് കൂട്ടിച്ചേർത്തു.
സാനിയ മിർസ തന്‍റെ ഇൻസ്റ്റാഗ്രാമിൽ ഷൊയ്ബ് മാലിക്കിനെ അൺഫോളോ ചെയ്‌തതോടെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ ആദ്യം ഉയർന്നത്. ഇതോടെ ആരാധകർക്കിടയിൽ നിന്നും നിരന്തരം ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. സാനിയ ഭർത്താവ് ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നില്ല. അദ്ദേഹത്തിന്‍റെ ഒരു പോസ്റ്റിനോടും പ്രതികരിക്കുന്നില്ല. ഇതെല്ലാം ഇവരുടെ ബന്ധത്തെ കുറിച്ച് കൂടുതൽ ഊഹാപോഹങ്ങൾക്ക് വഴിവച്ചു.
സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ മിർസ മകൻ ഇസാൻ മാലിക്കുമൊത്തുള്ള ഇഫ്‌താറിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ ഷൊയ്ബ് മാലിക് ഉണ്ടായിരുന്നില്ല. ഇതോടെ ഇരുവർക്കടയിലെ ബന്ധം വഷളായതായും പരസ്‌പരം പിരിഞ്ഞ് ജീവിക്കുകയാണെന്നും വാർത്തകൾ ശക്തമായിരുന്നു. സാനിയ ഉംറ ചെയ്യാനായി സൗദി അറേബ്യ സന്ദർശിച്ച സമയത്ത് പങ്കുവച്ച ചിത്രത്തിലും ഷൊയ്ബ് ഉണ്ടായിരുന്നില്ല.
2010 ഏപ്രിലിലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. 2018ലാണ് ദമ്പതികൾ മകൻ ഇസാൻ മിർസ മാലിക് ജനിക്കുന്നത്. പ്രൊഫഷണൽ ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നായിരുന്നു സാനിയയുടെ പ്രതികരണം.
ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണോടെയാണ് സാനിയ ഗ്രാന്‍ഡ്സ്ലാം കരിയർ അവസാനിപ്പിക്കുന്നത്. ഡബ്ല്യുടിഎ ദുബായ് ഡ്യൂട്ടിഫ്രീ ചാമ്പ്യൻഷിപ്പിലാണ് സാനിയ തന്‍റെ അവസാന മത്സരം കളിച്ചത്. പങ്കാളിയായ അമേരിക്കൻ താരം മാഡിസൺ കീസിനൊപ്പമിറങ്ങിയ സാനിയ തോൽവിയോടെയാണ് കരിയർ അവസാനിപ്പിച്ചത്.